പി.വി.അൻവർ നിലമ്പൂർ ചന്തക്കുന്നിൽ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിനെത്തിയ ജനക്കൂട്ടം

നിലമ്പൂര്‍ : രാഷ്ട്രീയ വിശദീകരണ യോഗത്തിനെത്തിയത് പ്രതീക്ഷിച്ചതിലേറെപ്പേര്‍. നിലമ്പൂര്‍ ചന്തക്കുന്നില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ശ്രോതാക്കളായത് ആയിരങ്ങള്‍. രണ്ടരമണിക്കൂറോളം നീണ്ട പ്രസംഗത്തില്‍ പുതിയതായൊന്നും പറഞ്ഞില്ലെങ്കിലും നേരിട്ടും മാധ്യമങ്ങളിലൂടെയും ലക്ഷക്കണക്കിനാളുകള്‍ അതിന് സാക്ഷ്യംവഹിച്ചു.

മുഖ്യമന്ത്രിക്കും സി.പി.എമ്മിനുമെതിരേ കടുത്ത വിമര്‍ശനങ്ങളുന്നയിച്ച പത്രസമ്മേളനത്തിനിടെയാണ് ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിക്കുമെന്നു പറഞ്ഞത്. ഇതൊരു തുടക്കമാണെന്നും ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ സമ്മേളനങ്ങളില്‍ ജനങ്ങളുമായി സംസാരിക്കുമെന്നും അന്‍വര്‍ വ്യക്തമാക്കി. തിങ്കളാഴ്ച കോഴിക്കോട്ടാണ് അടുത്ത യോഗം.

നിലമ്പൂരിലെ സമ്മേളനത്തില്‍ അന്‍വര്‍ പറയുന്നതുകേള്‍ക്കാന്‍ ആളുകളുണ്ടാകുമോ എന്നായിരുന്നു എല്ലാവരും ഉറ്റുനോക്കിയത്. എന്നാല്‍, പ്രകടനമായെത്തിയ അന്‍വറിന് മിനിലോറിപ്പുറത്തൊരുക്കിയ താത്കാലിക വേദിയിലേക്കെത്താന്‍ കഷ്ടപ്പെടേണ്ടിവന്നു. അത്രയ്ക്കായിരുന്നു ജനത്തിരക്ക്. ബസ്സ്റ്റാന്‍ഡില്‍നിന്ന് വാഹനങ്ങള്‍ പുറത്തേക്കിറങ്ങുന്നതിന് എതിര്‍ഭാഗത്ത് ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്താണ് പ്രസംഗവേദിയൊരുക്കിയത്. മണ്ണുമാന്തി യന്ത്രമുപയോഗിച്ച് പ്രദേശത്തെ കാടും മറ്റും വെട്ടി സ്ഥലം വൃത്തിയാക്കിയിരുന്നു.

പാര്‍ട്ടിയില്‍ എല്ലാവര്‍ക്കും പിണറായിപ്പേടി

നിലമ്പൂര്‍ : പിണറായിയെന്ന് കേള്‍ക്കുമ്പോള്‍ എല്ലാവരുടെയും മുട്ടുവിറയ്ക്കുന്ന അവസ്ഥയാണ് സി.പി.എമ്മിലെന്ന് പി.വി. അന്‍വര്‍. പാര്‍ട്ടിയില്‍ നിര്‍ഭയമായ ചര്‍ച്ചയും അന്വേഷണവും വേണമെന്നാണ് താന്‍ ആവശ്യപ്പെട്ടതെന്നും അന്‍വര്‍ പറഞ്ഞു. നിലമ്പൂര്‍ ചന്തക്കുന്നില്‍ ഞായറാഴ്ച രാത്രി നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പി.വി. അന്‍വര്‍.

പ്യൂണ്‍ മുതല്‍ ചീഫ് സെക്രട്ടറി വരെയുള്ളവര്‍ക്കു മുന്‍പില്‍ പൊതുപ്രവര്‍ത്തകര്‍ക്ക് ഓച്ഛാനിച്ചു നില്‍ക്കേണ്ടിവന്നതാണ് ഈ സര്‍ക്കാരിന്റെ സംഭാവന. അപമാനം സഹിക്കാനാകാതെ പലരും പൊതുപ്രവര്‍ത്തനം നിര്‍ത്തുകയാണ്. മറ്റിടങ്ങളിലില്ലാത്തവിധം കോണ്‍ഗ്രസ്-ലീഗ്-സി.പി.എം- ബി.ജെ.പി. നെക്സസ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അന്‍വര്‍ ആരോപിച്ചു. പാര്‍ട്ടിയെയോ പാര്‍ട്ടി പ്രവര്‍ത്തകരെയോ താന്‍ തള്ളിപ്പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയെന്നു പറഞ്ഞാല്‍ സാധാരണ സഖാക്കളാണ്. അവര്‍ക്കുവേണ്ടി ചില തെറ്റുകള്‍ ചൂണ്ടിക്കാട്ടുകയാണ് താന്‍ ചെയ്തത് -അദ്ദേഹം പറഞ്ഞു. രണ്ടുമണിക്കൂറിലേറെ നീണ്ട പ്രസംഗത്തില്‍ കഴിഞ്ഞദിവസങ്ങളില്‍ നടത്തിയ ആരോപണങ്ങള്‍ ആവര്‍ത്തിക്കുകയാണ് അന്‍വര്‍ ചെയ്തത്. ആയിരക്കണക്കിനാളുകള്‍ അന്‍വറിനെ കേള്‍ക്കാന്‍ മണ്ഡലത്തിനകത്തുനിന്നും പുറത്തുനിന്നുമായെത്തി.

ലീഗില്‍ പോകണോ കോണ്‍ഗ്രസില്‍ പോകണോ പുതിയ പാര്‍ട്ടിയുണ്ടാക്കണോ എന്നെല്ലാം നിങ്ങളോടു ചോദിച്ചശേഷം മാത്രമേ തീരുമാനിക്കൂ. അതിനായി വേണ്ടിവന്നാല്‍ സര്‍വേ നടത്തും. നിലവിലെ അഴിമതികള്‍ക്കെതിരേ കേരളത്തിലെ ജനം മുഴുവന്‍ ഒരു പാര്‍ട്ടിയായാല്‍ അതിന്റെ പിന്നില്‍ താനുണ്ടാകും -അന്‍വര്‍ പറഞ്ഞു. ഏറെ വൈകാരികമായിരുന്നു അന്‍വറിന്റെ പ്രസംഗം. തന്നെ വര്‍ഗീയവാദിയെന്നു വിശേഷിപ്പിച്ച ജില്ലാസെക്രട്ടറിക്കെതിരേ അദ്ദേഹം ആഞ്ഞടിച്ചു. തന്റെ കുടുംബത്തിന്റെ മതേതരപാരമ്പര്യം വിശദീകരിച്ചു. അതു തെളിയിക്കാന്‍ വീട്ടില്‍ ജോലിചെയ്യുന്ന ഇതരസമുദായത്തിലെ മൂന്നു സ്ത്രീകളേയുംകൊണ്ടാണ് അന്‍വര്‍ വന്നത്.

കൈയും കാലും വെട്ടി ചാലിയാറിലൊഴുക്കുമെന്ന സി.പി.എം. പ്രവര്‍ത്തകരുടെ മുദ്രാവാക്യത്തെക്കുറിച്ച് കാലുവെട്ടിയാല്‍ താന്‍ വീല്‍ചെയറില്‍ വരുമെന്നും വെല്ലുവിളിച്ചു. ഒരുമാസം നടന്നു പറയാനാണ് തീരുമാനമെന്നും വെടിവെച്ചു കൊല്ലേണ്ടിവരുമെന്നുമായിരുന്നു മറുപടി. ”ഈ പാര്‍ട്ടിക്കും പാര്‍ട്ടിക്കാര്‍ക്കും വേണ്ടി യുദ്ധംചെയ്തതിന്റെ പേരില്‍ എന്റെ എല്ലാ സ്വത്തുക്കളും കള്ളക്കേസില്‍ കുടുക്കി. നിനക്ക് പ്രാന്താണോ എന്ന് ജ്യേഷ്ഠന്‍മാര്‍പോലും ചോദിച്ചു. ഒരു ഐ.പി.എസുകാരന്‍ ജീവിതകാലം മുഴുവന്‍ എന്റെ അടിമയാകാമെന്നു പറഞ്ഞു. പക്ഷേ, ഞാന്‍ വഴങ്ങിയില്ല. അതിന്റെ പേരില്‍ ഇനി ജയിലിലേക്കാണു പോകാനിരിക്കുന്നത്. ഒരുപാട് ശത്രുക്കളെ ഈ പാര്‍ട്ടിക്കുവേണ്ടി ഞാന്‍ ഉണ്ടാക്കി” -അന്‍വര്‍ പറഞ്ഞു.

എ.ഡി.ജി.പി. അജിത്കുമാറിന്റെ അനധികൃതസ്വത്തിന്റെ എല്ലാ രേഖകളും മുഖ്യമന്ത്രിക്കു നല്‍കി. ഒരു നടപടിയുമുണ്ടായില്ല. ഇവിടെയാണ് ആര്‍.എസ്.എസ്. ബന്ധം കടന്നുവരുന്നത്. വേണ്ടാത്ത പല പണികളും എ.ഡി.ജി.പി.യെ ഉപയോഗിച്ച് അവര്‍ ചെയ്തിട്ടുണ്ടെന്നതിന്റെ തെളിവാണത്. വെള്ളപ്പൊക്കത്തില്‍നിന്ന് രക്ഷപ്പെടുത്താന്‍ അമ്മ കുഞ്ഞിനെ അടക്കിപ്പിടിക്കുന്നതുപോലെ മുഖ്യമന്ത്രി അജിത്കുമാറിനെ അടക്കിപ്പിടിച്ചുവെച്ചിരിക്കുകയാണ്. എന്തിനാണ് ഈ സാധു പോയി പെടാന്‍ നില്‍ക്കുന്നത്? അജിത്കുമാര്‍ എഴുതിക്കൊടുക്കുന്ന വാറോല വായിക്കുകയാണ് മുഖ്യമന്ത്രി. ഇതെല്ലാം കണ്ടിട്ടും സഖാക്കള്‍ക്ക് ഒന്നും മനസ്സിലാകുന്നില്ലേ എന്ന് അന്‍വര്‍ ചോദിച്ചു.

വൈകുന്നേരത്തോടെ തിങ്ങിനിറഞ്ഞ മൈതാനത്തേക്ക് പ്രകടനമായാണ് അന്‍വര്‍ എത്തിയത്.