സിദ്ദിഖ്
ന്യൂഡല്‍ഹി : മലയാള സിനിമാ മേഖലയില്‍ മാത്രമല്ല പീഡന പരാതികള്‍ ഉയരുന്നതെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. മറ്റ് പല മേഖലകളില്‍നിന്നും ഇത്തരം പരാതികള്‍ ഉയര്‍ന്നുവരാറുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ബലാത്സംഗക്കേസിൽ നടന്‍ സിദ്ദിഖ് സമർപ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് സുപ്രധാനമായ ഈ നിരീക്ഷണം നടത്തിയത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷം മലയാള സിനിമയുമായി ബന്ധപ്പെട്ട് 27 ലൈംഗിക പീഡന പരാതികളാണ് ഉയര്‍ന്നതെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകയും അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായ ഐശ്വര്യ ഭട്ടി സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് മലയാള സിനിമാ മേഖലയില്‍ മാത്രമല്ല, മറ്റ് പല മേഖലകളില്‍നിന്നും ലൈംഗികപീഡന പരാതികള്‍ ഉയരുന്നുണ്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയത്.
സിദ്ദിഖിന് എതിരെ പരാതി ഉന്നയിച്ച പരാതിക്കാരി ഇട്ട അഞ്ച് ഫെയ്‌സ്ബുക്ക് പോസ്റ്റുകളിലും വ്യത്യസ്തമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത് എന്ന് മുകുള്‍ റോത്തഗി ആരോപിച്ചു. ബലാത്സംഗം നടന്നുവെന്ന് പറയപ്പെടുന്ന ദിവസം മാതാപിതാക്കള്‍ക്ക് ഒപ്പമാണ് പരാതിക്കാരി സിദ്ദിഖിനെ കണ്ടതെന്നും റോത്തഗി കോടതിയില്‍ വാദിച്ചു.
പരാതിക്കാരി എട്ട് വര്‍ഷം എവിടെയായിരുന്നെന്ന് കോടതി, സിദ്ദിഖ് സൂപ്പര്‍സ്റ്റാര്‍ ആയിരുന്നെന്ന് സര്‍ക്കാര്‍
സിദ്ദിഖ് ബലാത്സംഗം ചെയ്‌തെന്ന് ആരോപിക്കപ്പെടുന്നത് 2016-ല്‍ ആണ്. എന്നാല്‍, പരാതി നല്‍കാന്‍ എട്ട് വര്‍ഷം വൈകിയത് എന്ത് കൊണ്ടായിരുന്നുവെന്ന് സംസ്ഥാന സര്‍ക്കാരിനോടും അതിജീവിയതയോടും സുപ്രീം കോടതി ആരാഞ്ഞു.
സിദ്ദിഖ് മലയാള സിനിമയുടെ സൂപ്പര്‍ സ്റ്റാര്‍ ആയിരുന്നുവെന്നും അതിനാല്‍ സിനിമയിലെ തുടക്കകാരി എന്ന നിലയില്‍ അക്കാലത്ത് പരാതി ഉന്നയിക്കാന്‍ അതിജീവിതയ്ക്ക് പരിമിതി ഉണ്ടായിരുന്നുവെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. 300-ല്‍ അധികം സിനിമകളിലാണ് സിദ്ദിഖ് അഭിനയിച്ചിട്ടുള്ളതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് സിദ്ദിഖ് എ.എം.എം.എ. എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറി അല്ലേയെന്ന് കോടതി ആരാഞ്ഞു.
‘ഇത് പൊതുതാത്പര്യ ഹര്‍ജിയല്ല’- തടസ ഹര്‍ജിക്കാരോട് സുപ്രീം കോടതി
സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സംസ്ഥാന സര്‍ക്കാരിന്റെയും അതിജീവിതയുടെയും അല്ലാതെ മറ്റൊരു കക്ഷിയുടെയും വാദം കേള്‍ക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇത് പൊതു താത്പര്യ ഹര്‍ജി അല്ലെന്നും കോടതി തടസഹര്‍ജിയുമായി കോടതിയില്‍ എത്തിയ മറ്റ് രണ്ടുപേരോടും വ്യക്തമാക്കി.
അഭിഭാഷകന്‍ അജീഷ് കളത്തില്‍ ഗോപി, നവാസ് പായിച്ചിറ എന്നിവരാണ് തടസ ഹര്‍ജി നല്‍കിയിരുന്ന മറ്റ് രണ്ടുപേര്‍. കേസിലെ തടസ ഹര്‍ജികള്‍ തങ്ങളുടെ വാദത്തിന് തിരിച്ചടിയാകുമെന്ന ആശങ്ക സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് ഉണ്ടായിരുന്നു. ബലാത്സംഗ കേസിനെ പൊതു താത്പര്യ കേസായി മാറ്റാനുള്ള ശ്രമം തടസ ഹര്‍ജിക്കാര്‍ക്ക് ഉണ്ടായിരുന്നുവോ എന്ന ആശങ്ക ആയിരുന്നു സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് ഉണ്ടായിരുന്നത്.
മെറിന്‍ കോടതി മുറിയില്‍, ഇടക്കാല സംരക്ഷണം അറിഞ്ഞ് ഷഹീന്‍ കോടതിക്ക് പുറത്ത് വികാരഭരിതനായി
സിദ്ദിഖിനെതിരായ ബലാത്സംഗ കേസ് അന്വേഷിക്കുന്ന തിരുവനന്തപുരം ക്രൈം ബ്രാഞ്ച് എസ്.പി. മെറിന്‍ ജോസഫ് കേസിന്റെ നടപടികള്‍ വീക്ഷിക്കുന്നതിനായി ഇന്ന് സുപ്രീം കോടതിയുടെ 13-ാം നമ്പര്‍ കോടതി മുറിയില്‍ ഉണ്ടായിരുന്നു. 62-ാമത്തെ കേസ് ആയിട്ടായിരുന്നു സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ലിസ്റ്റ് ചെയ്തിരുന്നത്. 52-ാമത്തെ കേസ് പരിഗണിക്കിച്ചുകൊണ്ടിരുന്നപ്പോഴാണ് മെറിന്‍ ജോസഫ് കോടതി മുറിയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറിനും അതിജീവിതയുടെ അഭിഭാഷക വൃന്ദ ഗ്രോവറിനും ഇടയില്‍ ഇരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ എഴുന്നേറ്റുനിന്ന് നടപടികള്‍ വീക്ഷിച്ച അവര്‍, കേസിലെ ഉത്തരവിന് ശേഷം നിരാശയോടെ സുപ്രീം കോടതിയില്‍നിന്ന് പുറത്തേക്ക് പോയി.
കോടതി മുറിയില്‍ പ്രവേശിക്കാന്‍ പാസ് ഉണ്ടായിരുന്നുവെങ്കിലും സിദ്ദിഖിന്റെ മകന്‍ ഷഹീന്‍ സിദ്ദിഖ് നടപടികള്‍ വീക്ഷിക്കാന്‍ 13-ാം നമ്പര്‍ കോടതി മുറിക്കുള്ളില്‍ പ്രവേശിച്ചില്ല. കോടതിമുറിക്ക് മുന്നില്‍ സമ്മര്‍ദ്ദത്തോടെ നിന്ന ഷഹീനെ കാണാന്‍ സുപ്രീം കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന പല യുവ അഭിഭാഷകരും സമീപത്ത് നിലയുറപ്പിച്ചിരുന്നു. കോടതി നടപടികള്‍ക്ക് ശേഷം പുറത്തുവന്ന അഭിഭാഷകരില്‍നിന്നാണ് ആശ്വാസ ഉത്തരവിനെ കുറിച്ച് ഷഹീന്‍ അറിയുന്നത്. തുടര്‍ന്ന് ഷഹീന്‍ വികാരാധീനനായി കരഞ്ഞു.
സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി, അഭിഭാഷകരായ രഞ്ജീത റോത്തഗി, ഫിലിപ്പ് വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവരാണ് ഇന്ന് സുപ്രീം കോടതിയില്‍ സിദ്ദിഖിന് വേണ്ടി ഹാജരായത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭട്ടി, സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവരും അതിജീവിതയ്ക്കുവേണ്ടി പ്രമുഖ അഭിഭാഷക വൃന്ദ ഗ്രോവറും ഹാജരായി.
മുകുള്‍ റോത്തഗിയുടെ വാദം (സിദ്ദിഖിനുവേണ്ടി)
- പരാതിക്കാരി ഇട്ട അഞ്ച് ഫെയ്‌സ്ബുക്ക് പോസ്റ്റുകളിലും വ്യത്യസ്തമായ ആരോപണങ്ങള്‍.
- ബലാത്സംഗം നടന്നുവെന്ന് പറയപ്പെടുന്ന ദിവസം മാതാപിതാക്കള്‍ക്ക് ഒപ്പമാണ് പരാതിക്കാരി സിദ്ദിഖിനെ കണ്ടത്.
- സിനിമാതാരം ആയതിനാലാണ് സിദ്ദിഖിന് എതിരെ ആരോപണം ഉയര്‍ന്നത്.
- അന്വേഷണവും ആയി സഹകരിക്കാന്‍ തയ്യാര്‍
ഐശ്വര്യ ഭട്ടിയുടെ വാദം (സംസ്ഥാന സര്‍ക്കാരിനുവേണ്ടി)
- ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷം 27 പരാതികള്‍ ആണ് ലഭിച്ചത്.
- സിദ്ദിഖ് മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍. അതിനാലാണ് പരാതി വൈകിയത്.
- 2016-ല്‍ പരാതി നല്‍കിയിരുന്നുവെങ്കില്‍ സിനിമയില്‍ അവസരം കിട്ടില്ലെന്ന് പരാതിക്കാരി ആശങ്കപ്പെട്ടു.
- പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
വൃന്ദ ഗ്രോവറിന്റെ വാദം (അതിജീവിതയ്ക്കുവേണ്ടി)
- പരാതി നല്‍കാന്‍ കാലതാമസം ഉണ്ടായിട്ടില്ല.
- സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ഇടയുണ്ട്.
