വി.എസ് ചന്ദ്രശേഖരൻ
കൊച്ചി : ആലുവ സ്വദേശിയായ നടിയുടെ ലൈംഗിക പീഡന പരാതിയില്‍ അഡ്വ. വി.എസ്. ചന്ദ്രശേഖരനെ ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ കോസ്റ്റല്‍ പോലീസ് ആസ്ഥാനത്ത് പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. അതേസമയം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ചന്ദ്രശേഖരന് നേരത്തെ മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.
ബലാത്സംഗം, ഗൂഢാലോചന കുറ്റങ്ങള്‍ ചുമത്തിയാണ് ലോയേഴ്‌സ് കോണ്‍ഗ്രസ് ചെയര്‍മാന്‍ കൂടിയായിരുന്ന വി.എസ്. ചന്ദ്രശേഖരന്റെ പേരില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തത്. ഒരു പ്രൊഡ്യൂസര്‍ക്ക് മുമ്പില്‍ കൊണ്ടുപോയി തന്നെ കാഴ്ചവെക്കാനുള്ള ശ്രമമാണ് വി.എസ്. ചന്ദ്രശേഖരന്‍ നടത്തിയതെന്നായിരുന്നു നടിയുടെ ആരോപണം.
കൊച്ചിയില്‍ താമസിച്ച സമയത്താണ് നടിയെ പരിചയം. എന്നാല്‍, അവര്‍ ഉന്നയിച്ച ആരോപണങ്ങള്‍ പൂര്‍ണമായി തള്ളിക്കളയുകയാണെന്നും ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ തന്നെ ബോധപൂര്‍വം ആക്ഷേപിക്കാനാണെന്നും വി.എസ്. ചന്ദ്രശേഖരന്‍ നേരത്തെ പറഞ്ഞിരുന്നു.
ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും കെ.പി.സി.സി നിയമസഹായ വിഭാഗം അധ്യക്ഷനുമായിരുന്നു ചന്ദ്രശേഖരന്‍. ലൈംഗിക പീഡന പരാതി ഉയര്‍ന്നതിന് പിന്നാലെ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെച്ചിരുന്നു.
നേരത്തെ ആലുവ സ്വദേശിയായ നടിയുടെ ലൈംഗിക പീഡന പരാതിയില്‍ നടന്‍ ഇടവേള ബാബുവിനേയും നടനും എം.എല്‍.എയുമായ മുകേഷിനെയും ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടിരുന്നു.
