ലെബനനിൽനിന്നുള്ള ദൃശ്യം | AP

ടെല്‍ അവീവ് : ബെയ്റൂത്തില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ളയുടെ മറ്റൊരു കമാന്‍ഡര്‍ കൂടി കൊല്ലപ്പെട്ടു. ഡ്രോണ്‍ വിഭാഗം തലവന്‍ മുഹമ്മദ് ഹുസൈന്‍ സ്രോര്‍ ആണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ഹിസ്ബുള്ള അംഗങ്ങളെ ലക്ഷ്യമാക്കി ഈ ആഴ്ച നടന്ന നാലാമത്തെ ആക്രമണമായിരുന്നു വ്യാഴാഴ്ചത്തേത്.

അതിനിടെ, ഇസ്രയേലിന്റെ ലക്ഷ്യങ്ങള്‍ നേടുന്നതുവരെ വ്യോമാക്രമണം അസാനിപ്പിക്കില്ലെന്നും ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ ഐക്യരാഷ്ട്ര സംഘടനയുടെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കില്‍ എത്തിയതാണ് നെതന്യാഹു. ലെബനന് നേര്‍ക്കുള്ള ആക്രമണത്തില്‍, 21 ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന യു.എസ്.,ഫ്രാന്‍സ് ഉള്‍പ്പെടെയുള്ളരാജ്യങ്ങളുടെ അഭ്യര്‍ഥന അദ്ദേഹം തള്ളി. ഹിസ്ബുള്ളയ്ക്കു നേര്‍ക്കുള്ള ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണങ്ങള്‍ അവസാനിക്കാതെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞങ്ങള്‍ പ്രവൃത്തിയിലൂടെയാണ് സംസാരിക്കുക അല്ലാതെ വാക്കുകളിലൂടെ അല്ല, ബെഞ്ചമിന്‍ നെതന്യാഹു സാമൂഹിക മാധ്യമമായ എക്സില്‍ കുറിച്ചു. ആരും ആശയക്കുഴപ്പത്തിലാകേണ്ട. ഞങ്ങളുടെ ആളുകളെ സുരക്ഷിതമായി അവരുടെ വീടുകളിലെത്തിക്കാതെ ഹിസ്ബുള്ളയ്ക്കു നേര്‍ക്കുള്ള ആക്രമണം അവസാനിപ്പിക്കില്ല, അദ്ദേഹം മറ്റൊരു കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

അതിനിടെ, യെമനില്‍നിന്ന് മിസൈല്‍ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് ടെല്‍ അവിവില്‍ വെള്ളിയാഴ്ച അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. യെമനില്‍നിന്ന് തൊടുത്തുവിട്ട ഒരു മിസൈല്‍ വ്യോമ പ്രതിരോധ സംവിധാനമുപയോഗിച്ച് വിജയകരമായി തകര്‍ത്തുവെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് പ്രസ്താവനയില്‍ അവകാശപ്പെട്ടു.