Photo: AP
ഗാലെ (ശ്രീലങ്ക) : ടെസ്റ്റ് ക്രിക്കറ്റിന്റെ റെക്കോഡ് ബുക്കില്‍ പേരെഴുതിച്ചേര്‍ക്കുന്നത് പതിവാക്കി ശ്രീലങ്കന്‍ താരം കാമിന്ദു മെന്‍ഡിസ്. 2022- ലെ അരങ്ങേറ്റ ടെസ്റ്റ് മുതല്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയമായിരുന്നു താരം. ഇപ്പോഴിതാ ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും സെഞ്ചുറി കുറിച്ച മെന്‍ഡിസ് മറ്റൊരു റെക്കോഡുകൂടി സ്വന്തം പേരിലാക്കിയിരിക്കുകയാണ്. 144 റണ്‍സുമായി മെന്‍ഡിസ് ക്രീസിലുണ്ട്.
മെന്‍ഡിസിന്റെ അഞ്ചാം ടെസ്റ്റ് സെഞ്ചുറിയായിരുന്നു ഇത്. തന്റെ 13-ാം ടെസ്റ്റ് ഇന്നിങ്‌സിലാണ് താരം ഈ നേട്ടത്തിലെത്തിയത്. ഇതോടെ ഏറ്റവും കുറവ് ടെസ്റ്റ് ഇന്നിങ്‌സുകളില്‍ നിന്ന് അഞ്ചു സെഞ്ചുറി നേടുന്ന താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്താനും താരത്തിനായി. ഓസീസ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്‍, വെസ്റ്റിന്‍ഡീസിന്റെ ജോര്‍ജ് ഹെഡ്‌ലി എന്നിവര്‍ക്കൊപ്പമാണ് മെന്‍ഡിസ് മൂന്നാം സ്ഥാനം പങ്കിടുന്നത്. 10 ഇന്നിങ്‌സുകളില്‍ നിന്ന് അഞ്ച് ടെസ്റ്റ് സെഞ്ചുറികള്‍ നേടിയ മുന്‍ വെസ്റ്റിന്‍ഡീസ് താരം എവര്‍ട്ടണ്‍ വീക്ക്‌സ്, 12 ഇന്നിങ്‌സുകളില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ മുന്‍ ഇംഗ്ലീഷ് താരം ഹെര്‍ബെര്‍ട്ട് സട്ട്ക്ലിഫ്, മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം റോബര്‍ട്ട് ഹാര്‍വി എന്നിവരാണ് ഈ പട്ടികയില്‍ ആദ്യ രണ്ടു സ്ഥാനത്തുള്ളത്.
ഇതോടൊപ്പം 22 ഇന്നിങ്‌സുകളില്‍ നിന്ന അഞ്ച് സെഞ്ചുറികള്‍ നേടിയ മുന്‍ പാകിസ്താന്‍ താരം ഫവാദ് അലമിന്റെ പേരിലുണ്ടായിരുന്ന ഏഷ്യന്‍ റെക്കോഡും മെന്‍ഡിസ് തിരുത്തിയെഴുതി. ഈ വര്‍ഷം മെന്‍ഡിസ് നേടുന്ന അഞ്ചാം സെഞ്ചുറിയാണിത്. ഇതോടെ ഈ വര്‍ഷം നാലു ടെസ്റ്റ് സെഞ്ചുറികള്‍ നേടിയ ഇംഗ്ലീഷ് താരം ജോ റൂട്ടിനെയും മെന്‍ഡിസ് മറികടന്നു.
13 ഇന്നിങ്‌സിനിടെ 900 ടെസ്റ്റ് റണ്‍സ് തികച്ച മെന്‍ഡിസ് ഈ നേട്ടത്തിലെത്തുന്ന ഏഴാമത്തെ ബാറ്ററാണ്. ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് തികയ്ക്കുന്ന ഏഷ്യന്‍ താരമെന്ന റെക്കോഡ് മെന്‍ഡിസിനു മുന്നിലുണ്ട്. 14 ഇന്നിങ്‌സില്‍ 1000 റണ്‍സ് നേടിയ മുന്‍ ഇന്ത്യന്‍ താരം വിനോദ് കാംബ്ലിയുടെ പേരിലുണ്ടായിരുന്ന റെക്കോഡിനൊപ്പമെത്താന്‍ താരത്തിന് അവസരമുണ്ട്.
നേരത്തേ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യ എട്ടു ടെസ്റ്റുകളിലും 50 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന ആദ്യ താരമെന്ന നേട്ടം മെന്‍ഡിസ് സ്വന്തമാക്കിയിരുന്നു. കരിയറിലെ ആദ്യ ഏഴു ടെസ്റ്റുകളിലും 50-ന് മുകളില്‍ സ്‌കോര്‍ ചെയ്ത പാകിസതാന്റെ സൗദ് ഷക്കീലിന്റെ നേട്ടമാണ് മെന്‍ഡിസ് മറികടന്നത്.
മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്‌കര്‍, വെസ്റ്റിന്‍ഡീസിന്റെ ബാസില്‍ ബുച്ചര്‍, പാക് താരം സയീദ് അഹമ്മദ്, ന്യൂസീലന്‍ഡിന്റെ ബെര്‍ട്ട് സട്ട്ക്ലിഫ് എന്നിവരാണ് ഈ പട്ടികയിലെ മൂന്നാം സ്ഥാനക്കാര്‍. ഇവരെല്ലാം കളിച്ച ആദ്യ ആറു ടെസ്റ്റുകളിലും 50-ന് മുകളില്‍ സ്‌കോര്‍ ചെയ്തിരുന്നു.
