പ്രതീകാത്മക ചിത്രം

മുഖംമൂടിധരിച്ച സംഘം വെള്ളിയാഴ്ച പുലര്‍ച്ചെ നാലിനും അഞ്ചിനും ഇടയിലായിരുന്നു മോഷണം നടത്തിയത്.

തൃശ്ശൂര്‍ : തൃശ്ശൂരില്‍ വന്‍ എ.ടി.എം. കവര്‍ച്ച. മൂന്നിടങ്ങളിലായി എ.ടി.എമ്മുകളില്‍ നിന്ന് 60 ലക്ഷം രൂപയോളം നഷ്ടമായി. ഷൊര്‍ണൂര്‍ റോഡ്, മാപ്രാണം, കോലഴി എന്നിവിടങ്ങളിലെ എ.ടി.എമ്മുകളില്‍ നിന്നാണ് പണം മോഷ്ടിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിക്കും നാലുമണിക്കും ഇടയില്‍ കാറില്‍ മുഖം മൂടി ധരിച്ചെത്തിയ സംഘം ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എ.ടി.എമ്മില്‍ നിന്ന് പണം കവര്‍ന്നത്. സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്.

ഒരേ സംഘമാണ് എ.ടി.എം. കവര്‍ച്ചകള്‍ക്ക് പിന്നില്‍ എന്നാണ് അനുമാനം. മൂന്ന് വ്യത്യസ്ത പോലീസ് സ്‌റ്റേഷന്‍ പരിധികളിലുള്ള എ.ടി.എമ്മുകളിലാണ് മോഷണം നടന്നത്. വെള്ള നിറത്തിലുള്ള കാറിലാണ് മോഷ്ടാക്കള്‍ എത്തിയതെന്നാണ് വിവരം. ജില്ലയുടെ അതിര്‍ത്തികളില്‍ കര്‍ശന പരിശോധനയാണ് പോലീസ് നടത്തുന്നത്. പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്.

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തത്തോടെ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.