റോബിൻ ജോസ്

പാലാ : ഇടുക്കി കേന്ദ്രീകരിച്ച് വിവിധ ജില്ലകളില്‍ വിസാ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍. തങ്കമണി സ്വദേശി കാരിക്കക്കുന്നേല്‍ റോബിന്‍ ജോസ്(35) ആണ് അറസ്റ്റിലായത്. ഇറ്റലിയില്‍ കൊണ്ടുപോകാമെന്ന് വാഗ്ദാനം ചെയ്ത് 25 പേരില്‍ നിന്ന് 6.5 ലക്ഷം രൂപ വീതം ഇയാള്‍ തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. പാലാ സ്വദേശി നല്‍കിയ പരാതിയിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്‌.

ഇറ്റലിയ്ക്ക് പുറപ്പെട്ട പരാതിക്കാരന് വിസാ രേഖകള്‍ വ്യാജമായതിനാല്‍ യാത്രചെയ്യാനായില്ല. തുടര്‍ന്ന് നല്‍കിയ പരാതിയിലാണ് ഇയാള്‍ക്കെതിരെ വഞ്ചനാക്കുറ്റത്തിനാണ് കേസെടുത്തത്.

വ്യാജ വിസ നല്‍കുകയും വിമാന ടിക്കറ്റ് സ്വന്തമായി എടുക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വിദേശത്തെത്തിയ പലരും അവിടെ പിടിയിലാകുകയായിരുന്നു. ഇതില്‍ ചിലര്‍ പിന്നീട് തിരിച്ചെത്തുകയും മറ്റുപലരും വിദേശത്ത് ജയിലില്‍ കഴിയുകയുമാണ്.

പാലാ എസ്.എച്ച്.ഒ. ജോബിന്‍ ആന്റണിയുടെ നേതൃത്വത്തില്‍ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കി കോട്ടയം സബ് ജയിലില്‍ റിമാൻഡ് ചെയ്തു.