Photo | x.com/ProteasMenCSA
ഷാര്‍ജ : അഫ്ഗാനിസ്താനെതിരായ പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തില്‍ ആശ്വാസ ജയം നേടി ദക്ഷിണാഫ്രിക്ക. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ പ്രോട്ടീസ്, പരമ്പര കൈവിട്ടിരുന്നു. മൂന്നാമത്തെ മത്സരവും ജയിച്ച് പരമ്പര തൂത്തുവാരാമെന്ന അഫ്ഗാനിസ്താന്റെ മോഹം നടപ്പായില്ല. ഏഴുവിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയുടെ ജയം.
എയ്ഡന്‍ മാര്‍ക്രമിന്റെ അര്‍ധ സെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കയ്ക്ക് അനായാസ ജയം നല്‍കിയത്. ആദ്യം ബാറ്റുചെയ്ത അഫ്ഗാന്‍, 34 ഓവറില്‍ 169 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക, 17 ഓവറുകള്‍ മാത്രം കളിച്ച് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടി ജയിച്ചു. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്ക 106, 134 റണ്‍സുകളില്‍ പുറത്തായിരുന്നു.
ടോസ് നേടി ആദ്യം ബാറ്റുചെയ്ത അഫ്ഗാനിസ്താന്, ആദ്യ രണ്ട് മത്സരങ്ങളിലെ മികവ് ആവര്‍ത്തിക്കാനായില്ല. മിന്നും ഫോമിലുള്ള റഹ്‌മാനുള്ള ഗുര്‍ബാസ് മാത്രമാണ് അഫ്ഗാന്‍ നിരയില്‍ കാര്യമായി കളിച്ചത്. ഗുര്‍ബാസ് 94 പന്തില്‍ 89 റണ്‍സ് നേടി. പരമ്പരയില്‍ മുന്‍നിര താരങ്ങളില്ലാതെയാണ് ദക്ഷിണാഫ്രിക്ക ഇറങ്ങിയിരുന്നത്.
