കവിയൂർ പൊന്നമ്മയ്ക്ക് നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ​ഗോപി അന്ത്യോപചാരം അ‍ർപ്പിക്കുന്നു

കവിയൂർ പൊന്നമ്മയുടെ വിയോ​ഗത്തിൽ അനുശോചനമറിയിച്ച് നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ​ഗോപി. ‘മലയാളത്തിൻ്റെ അമ്മക്ക്, എൻ്റെ സ്വന്തം പൊന്നമ്മച്ചേച്ചിക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ’ എന്ന് സുരേഷ് ​ഗോപി സോഷ്യൽ മീഡിയയിൽ കുറിച്ചു.

ക്രിസ്ത്യൻ ബ്രദേഴ്സ്, മനസിലൊരു മണിമുത്ത് തുടങ്ങി നിരവധി സിനിമകളിൽ സുരേഷ് ഗോപിയും കവിയൂർ പൊന്നമ്മയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. കവിയൂർ പൊന്നമ്മയുടെ ഭൗതികശരീരം പൊതുദർശനത്തിന് വെച്ച ലിസി ആശുപത്രിയിൽ സുരേഷ് ഗോപി നേരിട്ടെത്തി അന്ത്യോപചാരം അർപ്പിച്ചു.

സിനിമ-സാംസ്കാരിക രം​ഗത്തെ നിരവധിയാളുകളാണ് കവിയൂർ പൊന്നമ്മയുടെ വിയോ​ഗത്തിൽ അനുശോചനമറിയിച്ച് എത്തുന്നത്. മുകേഷ്, മനോജ് കെ. ജയൻ, ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, അജു വർഗീസ്, സംവൃത സുനിൽ, ഭാമ തുടങ്ങിയ താരങ്ങളെല്ലാം അനുശോചനം രേഖപ്പെടുത്തി.

ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്ന കവിയൂർ പൊന്നമ്മ കൊച്ചിയിലെ ലിസി ആശുപത്രിയിൽ വെച്ചാണ് അന്തരിച്ചത്.