കൊല്ലപ്പെട്ട അരുൺ, പ്രതി പ്രസാദ്

കൊല്ലം : വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കൂട്ടുകാരിയുടെ അച്ഛന്റെ കുത്തേറ്റ് യുവാവ് മരിച്ചു. കൊല്ലം ഇരവിപുരം വടക്കുംഭാഗം നാന്‍സി വില്ലയില്‍ ഷിജുവിന്റെ മകന്‍ അരുണ്‍ (19) ആണ് മരിച്ചത്. അരുണിനെ കുത്തിയ ഇരവിപുരം വഞ്ചിക്കോവില്‍ ശരവണനഗര്‍-272, വെളിയില്‍ വീട്ടില്‍ പ്രസാദ് (46) ശക്തികുളങ്ങര പോലീസില്‍ കീഴടങ്ങി.

വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെ കൊല്ലം ഇരട്ടക്കടയിലാണ് സംഭവം. പ്രസാദിന്റെ മകളും അരുണും തമ്മില്‍ അടുപ്പം പുലര്‍ത്തിയിരുന്നു. ഇത് ചോദ്യംചെയ്യുന്നതിനിടെയുണ്ടായ വാക്കേറ്റവും സംഘര്‍ഷവുമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

പെണ്‍കുട്ടിയുമായുള്ള അടുപ്പത്തിന്റെപേരില്‍ വെള്ളിയാഴ്ച രാവിലെ പ്രസാദും അരുണും തമ്മില്‍ ഫോണ്‍വഴി വാക്കുതര്‍ക്കമുണ്ടായി. ഇതു പരിഹരിക്കാനെന്നപേരില്‍ പ്രസാദിന്റെ ബന്ധുവീടായ കുരീപ്പുഴ വെസ്റ്റ് ഇരട്ടക്കട വലിയകാവ് നഗറിലെ വീട്ടിലേക്ക് അരുണിനെ വൈകീട്ട് വിളിച്ചുവരുത്തി. അരുണും സുഹൃത്തായ ആള്‍ഡ്രിനും ഇരട്ടക്കടയിലെ വീട്ടിലെത്തിയശേഷം പ്രസാദുമായി വാക്കേറ്റമുണ്ടായി. പ്രസാദിന് മര്‍ദനമേറ്റു. ഇതിനിടയിലാണ് കൈവശമുണ്ടായിരുന്ന കത്തിയെടുത്ത് പ്രസാദ് അരുണിന്റെ നെഞ്ചില്‍ കുത്തിയത്.

ഗുരുതരമായി പരിക്കേറ്റ അരുണിനെ ജില്ലാ ആശുപത്രിയിലും അവിടെനിന്ന് സ്വകാര്യ മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. കൊല്ലം വെസ്റ്റ് പോലീസ് കേസെടുത്തു.