അസ്‌കർ അലി, ഉപ്പള പത്വാടി കൊണ്ടക്കൂരിൽ പോലീസ് പരിശോധനയിൽ പിടിച്ച ലഹരിശേഖരം
കാസർകോട് : വീട്ടിൽ സൂക്ഷിച്ച എം.ഡി.എം.എ.യും കൊക്കെയിനുമുൾപ്പെടെ രണ്ടുകോടി രൂപയുടെ ലഹരി ഉത്പന്നങ്ങൾ പിടിച്ചു. ഉപ്പള സ്വദേശി അസ്‌കർ അലിയെ (26) പോലീസ് അറസ്റ്റ് ചെയ്തു.
ഉപ്പള പത്വാടി കൊണ്ടക്കൂരിലെ ഇയാളുടെ ഇരുനില വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിലാണ് അലമാരയിലും മറ്റുമായി സൂക്ഷിച്ച ലഹരി ഉത്പന്നങ്ങൾ പിടിച്ചത്. 3.4 കിലോഗ്രാം എം.ഡി.എം.എ., 96 ഗ്രാം കൊക്കെയിൻ, 642 ഗ്രാം ഗ്രീൻ കഞ്ചാവ്, 30 മയക്കുഗുളിക എന്നിവയാണ് പിടിച്ചത്. എം.ഡി.എം.എ. ഇത്രയധികം പിടിക്കുന്നത് സംസ്ഥാനത്ത് അപൂർവമാണെന്നും ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് വൻ തോതിൽ മയക്കുമരുന്ന് എത്തിക്കുന്ന മുഖ്യ കണ്ണിയാണ് അസ്‌കർ അലിയെന്നും പോലീസ് പറഞ്ഞു.
കാസർകോട് ഡിവൈ.എസ്.പി. സി.കെ. സുനിൽകുമാർ, ബേക്കൽ ഡിവൈ.എസ്.പി. വി.വി. മനോജ്, മേൽപ്പറമ്പ് ഇൻസ്‌പെക്ടർ എ. സന്തോഷ്‌കുമാർ, മഞ്ചേശ്വരം എസ്.ഐ. നിഖിൽ എന്നിവർ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് പിടിച്ചത്. ഓഗസ്റ്റ് 30-ന് മേൽപ്പറമ്പ് കൈനേത്ത് റോഡിൽ എം.ഡി.എം.എ.യുമായി അബ്ദുൾ റഹ്‌മാൻ എന്ന ബി.ഇ. രവിയെ (28) പോലീസ് അറസ്റ്റു ചെയ്തിരുന്നു. കർണാടകയിലെ ചിക്കമംഗളൂരു മൂഡിഗരെ സ്വദേശിയായ ഇയാളുടെ മൊഴിയാണ് പോലീസിനെ ഉപ്പളയിലേക്കെത്തിച്ചത്. ഒരുകിലോയോളം തൂക്കമുള്ള കുഴമ്പുരൂപത്തിലുള്ള ലഹരിമരുന്നും ഇവിടെനിന്ന് പോലീസ് കണ്ടെത്തി.
എട്ടുവർഷം മുമ്പ് വീട് വാങ്ങിയവർ അടുത്തകാലത്തായി ഇവിടം കേന്ദ്രീകരിച്ച് ദുരൂഹമായ രീതിയിൽ പലയിടപാടുകളും നടത്തുന്നതായും ധാരാളം വാഹനങ്ങൾ വന്നുപോകുന്നതായും പ്രദേശത്തുകാർ പോലീസിനോട് പറഞ്ഞു.
