സെഞ്ചറി പൂർത്തിയാക്കി ഋഷഭ് പന്തിന് ശുഭ്മൻ ഗില്ലിന്റെ അഭിനന്ദനം. പിന്നാലെ ഗില്ലും സെഞ്ചറി നേടി (ബിസിസിഐ പങ്കുവച്ച ചിത്രം)
ചെന്നൈ ∙ ബംഗ്ലദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ വിജയത്തിലേക്ക്. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഇന്ത്യ ഉയർത്തിയ 515 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന ബംഗ്ലദേശ് മൂന്നാം ദിനം വെളിച്ചക്കുറവു മൂലം നേരത്തേ കളി നിർത്തുമ്പോൾ 37.2 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് എന്ന നിലയിലാണ്. അർധസെഞ്ചറി നേടിയ ക്യാപ്റ്റൻ നജ്മുൽ ഹുസൈൻ ഷാന്റോ (51), ഷാക്കിബ് അൽ ഹസൻ (5) എന്നിവർ ക്രീസിൽ. രണ്ടു ദിവസത്തെ കളിയും ആറു വിക്കറ്റും ബാക്കിനിൽക്കെ ബംഗ്ലദേശിന് വിജയത്തിലേക്ക് 357 റൺസ് കൂടി വേണം.
ഓപ്പണർമാരായ സാക്കിർ ഹസൻ (47 പന്തിൽ 33), ഷദ്മൻ ഇസ്‍ലാം (68 പന്തിൽ 35), മോമിനുൽ ഹഖ് (24 പന്തിൽ 13), മുഷ്ഫിഖുർ റഹിം (11 പന്തിൽ 13) എന്നിവരാണ് ബംഗ്ലദേശ് നിരയിൽ പുറത്തായത്. ഇന്ത്യയ്ക്കായി രവിചന്ദ്രൻ അശ്വിൻ 15 ഓവറിൽ 63 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുമ്ര ഏഴ് ഓവറിൽ 18 റൺസ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി.
കൂറ്റൻ വിജയലക്ഷ്യത്തിലേക്കു ബാറ്റെടുത്ത ബംഗ്ലദേശിന് ഓപ്പണർമാരായ സാക്കിർ ഹസനും ഷദ്മൻ ഇസ്‍ലാമും മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഇന്ത്യയ്‌ക്കെതിരെ 28 ഇന്നിങ്സുകളിൽ ബംഗ്ലദേശ് ഓപ്പണിങ് കൂട്ടുകെട്ടിന്റെ മൂന്നാമത്തെ മാത്രം അർധസെഞ്ചറി കൂട്ടുകെട്ട് തീർത്ത ഇരുവരും 62 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് പിരിഞ്ഞത്. സാക്കിർ ഹസനെ പുറത്താക്കി ബുമ്രയാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ മൂന്നു വിക്കറ്റെടുത്ത് അശ്വിൻ വിശ്വരൂപം കാട്ടിയതോടെ ബംഗ്ലദേശ് തളർന്നു. അർധസെഞ്ചറിയുമായി പടനയിക്കുന്ന ക്യാപ്റ്റൻ ഷാന്റോയിലാണ് ബംഗ്ലദേശിന്റെ ഇനിയുള്ള പ്രതീക്ഷ.
സെഞ്ചറിത്തിളക്കത്തിൽ പന്ത്, ഗിൽ
നേരത്തേ, മുൻനിര ബാറ്റർമാർ കൈവിട്ടിട്ടും ഉത്തരവാദിത്തം ഏറ്റെടുത്ത് പടനയിച്ച ശുഭ്മൻ ഗിൽ – ഋഷഭ് പന്ത് സഖ്യത്തിന്റെ മികവിലാണ് ഇന്ത്യ ബംഗ്ലദേശിനു മുന്നിൽ കൂറ്റൻ വിജയലക്ഷ്യമുയർത്തിയത്. രണ്ടാം ഇന്നിങ്സിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 287 റൺസെടുത്ത് ഡിക്ലയർ ചെയ്ത ഇന്ത്യ, ബംഗ്ലദേശിനു മുന്നിൽ ഉയർത്തിയത് 515 റൺസ് വിജയലക്ഷ്യം. 64 ഓവറിലാണ് ഇന്ത്യ 287 റൺസെടുത്തത്. കരിയറിലെ അഞ്ചാം സെഞ്ചറി കുറിച്ച ശുഭ്മൻ ഗിൽ 119 റൺസോടെയും കെ.എൽ. രാഹുൽ 22 റൺസോടെയും പുറത്താകാതെ നിന്നു. പിരിയാത്ത അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 51 പന്തിൽ അടിച്ചുകൂട്ടിയത് 53 റൺസ്.
161 പന്തിൽ ഒൻപതു ഫോറും മൂന്നു സിക്സും സഹിതമാണ് ഗിൽ സെഞ്ചറി കുറിച്ചത്. ഇന്നിങ്സിലാകെ 176 പന്തുകൾ നേരിട്ട ഗിൽ, 10 ഫോറും നാലു സിക്സും സഹിതം 119 റൺസുമായി പുറത്താകാതെ നിന്നു. 124 പന്തിൽ 11 ഫോറും നാലു സിക്സും സഹിതമാണ് പന്ത് സെഞ്ചറിയിലെത്തിയത്. നാലാം വിക്കറ്റിൽ പന്ത് – ഗിൽ സഖ്യം 167 റൺസ് കൂട്ടിച്ചേർത്തു. സെഞ്ചറി പൂർത്തിയാക്കി അധികം വൈകാതെ ഋഷഭ് പന്ത് പുറത്തായി. 128 പന്തിൽ 13 ഫോറും നാലു സിക്സും സഹിതം 109 റൺസെടുത്ത പന്തിനെ മെഹ്ദി ഹസൻ മിറാസ് സ്വന്തം ബോളിങ്ങിൽ ക്യാച്ചെടുത്ത് പുറത്താക്കി. രാഹുൽ 19 പന്തിൽ നാലു ഫോറുകൾ സഹിതം 22 റൺസുമായി പുറത്താകാതെ നിന്നു.
കരിയറിലെ ആറാം സെഞ്ചറി കുറിച്ച പന്ത്, മുഴുവൻ സമയ വിക്കറ്റ് കീപ്പർമാരിൽ ഇന്ത്യയ്ക്കായി കൂടുതൽ ടെസ്റ്റ് സെഞ്ചറി നേടിയവരിൽ മഹേന്ദ്രസിങ് ധോണിക്കൊപ്പം ഒന്നാം സ്ഥാനത്തെത്തി. മൂന്നു സെഞ്ചറിയുമായി വൃദ്ധിമാൻ സാഹയാണ് രണ്ടാമത്. ബംഗ്ലദേശ് നായകൻ നജ്മുൽ ഹുസൈൻ ഷാന്റോ സ്പിന്നർമാരെയും പേസർമാരെയും മാറിമാറി പരീക്ഷിച്ചെങ്കിലും മൂന്നാം ദിനം ആദ്യ സെഷനിൽ ഗിൽ – പന്ത് കൂട്ടുകെട്ട് പൊളിക്കാനായില്ല. ഒടുവിൽ സെഞ്ചറി പൂർത്തിയാക്കിയാണ് പന്ത് കീഴടങ്ങിയത്.
നേരത്തെ, ബംഗ്ലദേശ് സ്പിന്നർ മെഹ്ദി ഹസൻ മിറാസിനെതിരെ ഒരു പന്തിന്റെ ഇടവേളയിൽ നേടിയ ഇരട്ട സിക്സറുകളുമായാണ് ശുഭ്മൻ ഗിൽ അർധസെഞ്ചറി പിന്നിട്ടത്. ഓപ്പണർ യശസ്വി ജയ്സ്വാൾ (17 പന്തിൽ 10), ക്യാപ്റ്റൻ രോഹിത് ശർമ (ഏഴു പന്തിൽ അഞ്ച്), വിരാട് കോലി (37 പന്തിൽ 17) എന്നിവരാണ് ഇന്ത്യൻ നിരയിൽ ഇതുവരെ പുറത്തായത്. രണ്ടാം ദിനം കളി നിർത്തുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 81 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ. ഇന്ത്യയ്ക്ക് നഷ്ടമായ മൂന്നു വിക്കറ്റുകൾ ടസ്കിൻ അഹമ്മദ്, നഹിദ് റാണ, മെഹ്ദി ഹസൻ മിറാസ് എന്നിവർ പങ്കിട്ടു. പന്തിന്റെ വിക്കറ്റ് കൂടിയ നേടിയ മെഹ്ദി ഹസന് രണ്ടാം ഇന്നിങ്സിൽ ആകെ ലഭിച്ചത് 2 വിക്കറ്റ്.
