ഗോപിനാഥൻ

പാലക്കാട് : വിളയോടിയില്‍ റോഡിലേക്ക് തൂങ്ങിനിന്ന വള്ളിയില്‍ കുരുങ്ങി നിയന്ത്രണംവിട്ട ബൈക്ക് ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. പെരുമാട്ടി കല്യാണപേട്ട പരേതനായ വേലുക്കുട്ടിയുടെ മകന്‍ ഗോപിനാഥന്‍ (58) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ ഏഴരയോടെ വിളയോടിയിലാണ് സംഭവം. അണിക്കോട് സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ ഗോപിനാഥന്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്‍ ആശ്രമത്തിനടുത്തുള്ള വളവില്‍വെച്ചാണ് അപകടമുണ്ടായത്.

റോഡരികിലെ മരത്തില്‍ വളര്‍ന്ന് തൂങ്ങിനിന്ന വള്ളിയില്‍ കുരുങ്ങി നിയന്ത്രണംവിട്ട ബൈക്ക് ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ലോറിയുടെ ചക്രം തലയിലൂടെ കയറിയിറങ്ങിയതിനെ തുടർന്ന് ഗോപിനാഥന്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു.

ഭാര്യ: എസ്. സുനിത, മക്കള്‍: സഞ്ജയ്, നിമില്‍. മരുമകള്‍: ജെ. ജിനിഷ.