അപകടത്തിൽപ്പെട്ട ബസ്

ബെം​ഗളൂരു : കർണാടകയിലെ ഹുൻസൂരിൽ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ യാത്രക്കാരനായ കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം. രാമനാട്ടുകര സ്വദേശി അമൽ ഫ്രാ​ഗ്ലിൻ ആണ് മരിച്ചത്. മൈസൂരിവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മറിഞ്ഞ ബസിനടിയിൽ അമൽ അകപ്പെടുകയായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം വിട്ടുനൽകും.

ബെം​ഗളൂരുവിൽനിന്ന് മഞ്ചേരി വഴി പെരിന്തൽമണ്ണയിലേക്ക് പോവുകയായിരുന്ന എസ്.കെ.എസ് ട്രാവൽസിന്റെ എ.സി സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച രാത്രി 12.45-ഓടെ ആയിരുന്നു അപകടം. നിയന്ത്രണംവിട്ട ബസ് സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് രണ്ടുതവണ കുത്തനെ മറിയുകയായിരുന്നു.

നിരവധിപേർക്ക് അപകത്തിൽ പരിക്കേറ്റിരുന്നു. ഇവർ മണിപ്പാൽ ആശുപത്രി ഉൾപ്പടെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മലയാളി യാത്രക്കാരാണ് ബസിലുണ്ടായിരുന്നവരിൽ ഭൂരിഭാ​ഗവും. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പരിക്കേറ്റ യാത്രക്കാരിൽനിന്ന് ലഭിക്കുന്ന വിവരം.