കൊൽക്കത്ത ആർ.ജി. കർ മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷ് | ഫോട്ടോ: പി.ടി.ഐ

കൊല്‍ക്കത്ത : വനിതാ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കൊല്‍ക്കത്തയിലെ ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ ഡോക്ടര്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കി. പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സിലിന്റേതാണ് നടപടി. ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ടും സാമ്പത്തിക ക്രമക്കേടുകളിലും സന്ദീപ് ഘോഷിനെ സി.ബി.ഐ. അറസ്റ്റ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളിലാണ് കൗണ്‍സിലിന്റെ നടപടി.

രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെട്ടതോടെ സന്ദീപ് ഘോഷ് ഡോക്ടറല്ലാതായി. ഇനി അദ്ദേഹത്തിന് ആര്‍ക്കും ചികിത്സ നല്‍കാന്‍ അവകാശമുണ്ടാകില്ല. 1914-ലെ ബംഗാള്‍ മെഡിക്കല്‍ ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സില്‍ നടപടിയെടുത്തത്.

നിലവില്‍ സി.ബി.ഐ. കസ്റ്റഡിയില്‍ തുടരുന്ന ഘോഷിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐ.എം.എ) ബംഗാള്‍ ഘടകമാണ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് സെപ്റ്റംബര്‍ ഏഴിന് പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സില്‍ ഇയാള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഘോഷ് ഇതിനോട് പ്രതികരിച്ചില്ല. തുടര്‍ന്നാണ് നടപടി.

അതേസമയം ബംഗാള്‍ സര്‍ക്കാരിനെതിരെ കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ പിതാവ് രംഗത്തെത്തി. സന്ദീപ് ഘോഷിനെതിരെ ബംഗാള്‍ സര്‍ക്കാര്‍ നേരത്തേ നടപടിയെടുത്തിരുന്നെങ്കില്‍ തന്റെ മകള്‍ ഇന്നും ജീവിച്ചിരുന്നേനെ എന്ന് അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് ഒമ്പതിന് വനിതാ ഡോക്ടറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതിന് ശേഷമാണ് മെഡിക്കല്‍ കോളേജില്‍ നടക്കുന്ന സാമ്പത്തിക ക്രമക്കേടുകളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്.