മരിച്ച അബു താഹിർ, അപകടത്തിന് കാരണമായ ഇരുമ്പ് ​ഗേറ്റ്

ഉദുമ(കാസർകോട്) : മാതാപിതാക്കൾക്കൊപ്പം ബന്ധുവീട്ടിലെത്തിയ രണ്ടരവയസ്സുകാരൻ കളിക്കുന്നതിനിടെ ഇരുമ്പുഗേറ്റ് പൊട്ടിവീണ് മരിച്ചു. ഉദുമ പള്ളം തെക്കേക്കരയിലെ മാഹിൻ റാസിയുടെയും റഹീമയുടെയും ഏക മകൻ അബു താഹിർ ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11.15- ഓടെ മാങ്ങാട് കൂളിക്കുന്നിലെ ടി.കെ.മൂസയുടെ വീട്ടിലാണ് അപകടം.

ചൊവ്വാഴ്ചയാണ് തെക്കേക്കരയിലെ വീട്ടിൽനിന്ന് ഇവർ കൂളിക്കുന്നിലെ ബന്ധുവീട്ടിലെത്തിയത്. ഉരുട്ടിനീക്കാവുന്ന കൂറ്റൻ ഇരുമ്പുഗേറ്റ് ക്ലാമ്പുകൾ പൊട്ടി കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.

എട്ട് ക്വിന്റലിലധികം തൂക്കമുണ്ട് ഗേറ്റിന്. ശബ്ദംകേട്ട് ഓടിയെത്തിയ വീട്ടുകാരും പരിസരവാസികളും ചേർന്ന് കുട്ടിയെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അബു താഹിറിന്റെ മരണത്തിൽ നടുങ്ങി ഉദുമ പള്ളം

അപ്രതീക്ഷിതമായി കേട്ട ദുരന്തവാർത്തയിൽ ഉദുമയിലെ നാട്ടുകാർ ഒന്നടങ്കം സങ്കടത്തിലാണ്ട ദിവസമായിരുന്നു ബുധനാഴ്ച. ഉദുമ പള്ളം തെക്കേക്കരയിലെ രണ്ടരവയസ്സുള്ള അബു താഹിർ ബന്ധുവീട്ടിൽ കളിക്കുന്നതിനിടയിൽ ഗേറ്റ് പൊട്ടിവീണ് മരിച്ചുവെന്ന വിവരം അവർക്ക് ഞെട്ടലായി. ഉദുമ പള്ളം തെക്കേക്കരയിലെ മാഹിൻ റാസിയുടെയും റഹീമയുടേയും ഏക മകനാണ് അപകടത്തിൽപ്പെട്ടതെന്നറിഞ്ഞതോടെ തെക്കേക്കരയിലെ വീട്ടിലേക്ക് നാട്ടുകാരെത്താൻ തുടങ്ങി.

സങ്കടക്കടലിന് നടുവിൽ ഉഴലുന്ന വീട്ടുകാരെ ആശ്വസിപ്പിക്കാൻ വഴികാണാതെ വന്നവരെല്ലാം ദുഃഖം കടിച്ചമർത്തി വീട്ടുപരിസരത്ത് ചുറ്റിപ്പറ്റിനിന്നു. ഘടിപ്പിച്ചിരിക്കുന്ന ഗേറ്റ് എങ്ങനെ പൊട്ടിവീഴും എന്ന് പലരും ചോദിക്കുന്നുണ്ടായിരുന്നു. മതിലിൽ ഘടിപ്പിക്കാൻ കൊണ്ടുവന്ന് വെച്ചിരിക്കുന്ന ഗേറ്റ് ആണോ മറിഞ്ഞുവീണതെന്ന സംശയം ഉയർത്തിയവരുണ്ട്.

ഉരുട്ടി മാറ്റി പൂർണമായും തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന എട്ട് ക്വിന്റലിലധികം തൂക്കം വരുന്ന ഇരുമ്പുഗേറ്റ് (സ്ലൈഡിങ് ഗേറ്റ്) കുഞ്ഞിന്റെ ശരീരത്തിലേക്ക് പൊട്ടിവീഴുകയായിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്. അടച്ചിട്ടിരുന്ന ഗേറ്റാണ് പൊട്ടിവീണത്. ഓടിയെത്തിയ വീട്ടുകാരും പരിസരവാസികളും ചേർന്ന് ഗേറ്റിനടിയിൽനിന്ന്‌ കുട്ടിയെ പുറത്തെടുത്ത് ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മാഹിൻ റാസിയുടെ മാങ്ങാട് കുളിക്കുന്നിലെ പിതൃസഹോദരന്റെ വീട്ടിൽ ചൊവ്വാഴ്ചയാണ് എല്ലാവരും വിരുന്നെത്തിയത്. ബുധനാഴ്ച ഉച്ചയോടെ അവിടെ അപകടവും സംഭവിച്ചു. വിദേശത്തായിരുന്ന മാഹിൻ റാസി ഇപ്പോൾ നാട്ടിലുണ്ട്. കാസർകോട് ജനറൽ ആസ്പത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം സന്ധ്യയോടെ മൃതദേഹം തെക്കേക്കരയിലെ വീട്ടിലെത്തിച്ചപ്പോൾ നാട്ടുകാർ ഒന്നടങ്കം പൊന്നുമോനെ അന്ത്യയാത്രയാക്കാനെത്തി.