രണ്ടാമത്തെ കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ

ഇരട്ടയാര്‍ : ഇരട്ടയാറില്‍ ഡാമില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന ടണല്‍ ഭാഗത്ത് വെള്ളത്തില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍ പെട്ടു. ഇതില്‍ ഒരു കുട്ടി മരിച്ചു. രണ്ടാമത്തെ കുട്ടിക്കായി ടണലിന്റെ ഇരുഭാഗത്തും തിരച്ചില്‍ പുരോഗമിക്കുന്നു. കായംകുളം സ്വദേശിയായ പൊന്നപ്പന്റെയും രജിതയുടെ മകന്‍ അമ്പാടി ആണ് മരിച്ചത്. ഉപ്പുതറയില്‍ താമസിക്കുന്ന രതിഷ്-സൗമ്യ ദമ്പതികളുടെ മകന്‍ അക്കു (13) നായുള്ള തിരച്ചിലാണ് പുരോഗമിക്കുന്നത്.

ഡാമിനോട് ചേര്‍ന്ന പ്രദേശത്ത് കളിക്കുന്നതിനിടെ പന്ത് വെള്ളത്തില്‍ പോയപ്പോള്‍ അതെടുക്കാനായി വെള്ളത്തിലിറങ്ങിയപ്പോള്‍ ഒഴുക്കില്‍ പെടുകയായിരുന്നുവെന്നാണ് സൂചന. നാല് കുട്ടികളാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് പേരാണ് വെള്ളത്തില്‍ പെട്ടത്. മറ്റ് കുട്ടികള്‍ അറിയിച്ചതനുസരിച്ച് നാട്ടുകാര്‍ ഓടിക്കൂടി ഒരു കുട്ടിയെ കരയ്‌ക്കെത്തിച്ചെങ്കിലും അതിനോടകം മരിച്ചു. രണ്ടാമത്തെ കുട്ടി ടണലിലൂടെ ഒഴുകിപോയിരിക്കാം എന്ന അനുമാനത്തില്‍ അഞ്ചുരുളി ടണല്‍മുഖത്ത് അഗ്‌നിരക്ഷാസേന സംഘം അടക്കം തിരച്ചില്‍ നടത്തുകയാണ്.

നാലര കിലോമീറ്ററോളം ദൈര്‍ഘ്യമുണ്ട് ടണലിന്. ഒഴുക്കില്‍ പെട്ടെങ്കില്‍ അരമണിക്കൂറിനുള്ളില്‍ മറുവശത്ത് എത്തണം. എന്നാല്‍ ഇതുവരെയും കുട്ടിയെ കണ്ടെത്താനായിട്ടില്ല. അഞ്ചുരുളി ഭാഗത്ത് വടംകെട്ടി വെള്ളച്ചാട്ടത്തിന് മുകളിലാണ് തിരച്ചില്‍ സംഘം നില്‍ക്കുന്നത്. ഇവിടേക്ക് അഗ്നിശമന സംഘം എത്തുന്നതിന് മുമ്പ് കുട്ടി ഒഴുകിപ്പോയോ എന്ന ആശങ്കയും നിലനില്‍ക്കുന്നു. ഇടുക്കി ജലാശയത്തിലേക്കാണ് ഈ വെള്ളം ടണലിലൂടെ ഒഴുകി പതിക്കുന്നത്. തൊടുപുഴയില്‍ നിന്നുള്ള സ്‌കൂബാ ടീമും ജലാശയത്തില്‍ തിരച്ചിലിനായി എത്തുന്നുണ്ട്. ടണല്‍മുഖത്തെ കനത്ത ഒഴുക്കും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്.

ഇരട്ടയാര്‍ ചേലക്കല്‍ കവല ഭാഗത്ത് താമസിക്കുന്ന മൈലാടുംപാറ രവിയുടെ കൊച്ചുമക്കളാണ് അപകടത്തില്‍പ്പെട്ടത്. ഓണാവധിക്ക് കുട്ടികള്‍ കായംകുളത്തുനിന്ന് ഉപ്പുതറയില്‍ ഇരട്ടയാറ്റിലുള്ള തറവാട് വീട്ടില്‍ എത്തിയതായിരുന്നു. ഇതിനിടെ കുട്ടികള്‍ ടണല്‍ ഭാഗത്ത് കളിക്കാനെത്തിയതായിരുന്നു. മരിച്ച അമ്പാടിയുടെ മൃതദേഹം കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയിലേക്ക് മാറ്റി.