കൊല്ലപ്പെട്ട മീന | Photo Courtesy: x.com/bharatlive__

അംറോഹ : സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ മര്‍ദിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ അംറോഹയിലാണ് സംഭവം. സൊഹാരക സ്വദേശിനിയായ മീനയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മീനയുടെ ഭര്‍ത്താവ് സുന്ദര്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരേ പോലീസ് കേസെടുത്തു.

രണ്ടുവര്‍ഷം മുന്‍പാണ് മീനയും സുന്ദറും വിവാഹിതരായത്. വിവാഹശേഷം കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് സുന്ദര്‍ ഭാര്യയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. ടി.വി.എസ്. അപ്പാച്ചെ ബൈക്കും മൂന്ന് ലക്ഷം രൂപയും സ്ത്രീധനമായി വേണമെന്നായിരുന്നു ഇയാളുടെ ആവശ്യം. ഉപദ്രവത്തെത്തുടര്‍ന്ന് കഴിഞ്ഞ രക്ഷാബന്ധന്‍ ദിനം മുതല്‍ മീന സ്വന്തം വീട്ടിലായിരുന്നു താമസം. എന്നാല്‍, ഭര്‍ത്താവ് സുന്ദര്‍ ഭാര്യയെ കാണാനായി സ്ഥിരമായി ഭാര്യവീട്ടിലെത്തിയിരുന്നു. ഇയാള്‍ ഭക്ഷണം കഴിച്ചിരുന്നതും ഭാര്യവീട്ടില്‍നിന്നായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയും പതിവുപോലെ ഭാര്യവീട്ടിലെത്തിയ പ്രതി ഭാര്യയെ അനുനയിപ്പിച്ച് തന്റെ വീട്ടിലേക്ക് തിരികെ കൊണ്ടുപോയി. എന്നാല്‍, വീട്ടിലെത്തിയതിന് പിന്നാലെ സ്ത്രീധനം ചോദിച്ച് പ്രതി ഭാര്യയെ ഉപദ്രവിക്കാന്‍ തുടങ്ങി. തുടര്‍ന്ന് വടി ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചും കഴുത്തുഞെരിച്ചും ഭാര്യയെ കൊലപ്പെടുത്തിയെന്നാണ് പരാതി.

സംഭവമറിഞ്ഞ നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. കൃത്യത്തിന് പിന്നാലെ സുന്ദര്‍ വീട്ടില്‍നിന്ന് രക്ഷപ്പെട്ടിരുന്നു. നാട്ടുകാര്‍ നല്‍കിയ വിവരമനുസരിച്ച് മീനയുടെ വീട്ടുകാര്‍ സ്ഥലത്തെത്തുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

യുവതിയുടെ മരണത്തില്‍ ഭര്‍ത്താവ് സുന്ദറിനെതിരേ കേസെടുത്തതായി പോലീസ് പറഞ്ഞു. ഇയാളുടെ അമ്മയും സഹോദരിയും മറ്റുനാലുപേരും കേസിലെ പ്രതികളാണ്. ഒളിവില്‍പോയ പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്നും യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയെന്നും പോലീസ് പറഞ്ഞു.