പ്രതീകാത്മക ചിത്രം
അഗർത്തല : ത്രിപുരയിൽ അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂര ബലാത്സംഗത്തിനിരയാക്കിയതായി പരാതി. സ്കൂൾവിട്ട് മടങ്ങിവരുന്നതിനിടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതെന്ന് ബെലോണിയ വനിതാ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. നോർത്ത് ത്രിപുരയിൽ പ്രായപൂർത്തിയാകാത്ത കുട്ടി കൂട്ടബലാത്സംഗത്തിനിരയായെന്ന വാർത്ത പുറത്തുവന്ന് മണിക്കൂറുകൾക്ക് പിന്നാലെയാണ് മറ്റൊരു ഞെട്ടിക്കുന്ന വാർത്ത സൗത്ത് ത്രിപുരിയിൽനിന്ന് പുറത്തുവരുന്നത്.
സ്കൂളിലേക്ക് പോയ പെൺകുട്ടി വീട്ടിലേക്ക് തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് കുടുംബം വിവിധയിടങ്ങളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. പോലീസ് നടത്തിയ അന്വേഷണത്തിൽ ശനിയാഴ്ചയോടെ വീടിന് തൊട്ടടുത്തുനിന്ന് പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു.
22 വയസ് പ്രായമുള്ള ഒരാളാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. തട്ടിക്കൊണ്ടുപോയി വിവിധയിടങ്ങളിൽവെച്ച് പീഡിപ്പിച്ചശേഷം ഇയാൾ കുട്ടിയെ വീടിനടുത്ത് ഉപേക്ഷിച്ച് പോകുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. ഇയാൾ ഇതേ പ്രദേശത്തുള്ളയാളാണെന്ന് വ്യക്തമായിട്ടുണ്ട്.
കേസിൽ എഫ്.ഐ.ആർ. രേഖപ്പെടുത്തി അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് വ്യക്തമാക്കി. പോക്സോ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസിൽ ആരേയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
നോർത്ത് ത്രിപുരയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത മറ്റൊരു കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച കടയിൽ പോയി വരുന്ന വഴിയാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് തൊട്ടടുത്തുള്ള കാട്ടിലേക്ക് കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കുകയായിരുന്നുവെന്നാണ് കേസ്. റോഡിൽ അബോധാവസ്ഥയിൽ കിടന്നിരുന്ന പെൺകുട്ടിയെ പ്രദേശവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്.
