അനന്ദ് കൃഷ്ണൻ | Photo: kerala-cricket-league

തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിനെതിരേ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് 25 റണ്‍സ് ജയം. കൊച്ചി ഉയര്‍ത്തിയ 194 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത റിപ്പിള്‍സിന് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 42 പന്തില്‍ നിന്ന് നാലു വീതം സിക്‌സും ഫോറുമടക്കം 65 റണ്‍സെടുത്ത ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിള്‍സിന്റെ ടോപ് സ്‌കോറര്‍. അസ്ഹറിനൊപ്പം സഹ ഓപ്പണറായി ഇറങ്ങിയ കൃഷ്ണ പ്രസാദ് 33 പന്തില്‍ നിന്ന് 39 റണ്‍സെടുത്തു. ഓപ്പണിങ് വിക്കറ്റില്‍ 98 റണ്‍സ് ചേര്‍ത്ത ഈ സഖ്യം പിരിഞ്ഞതോടെ റിപ്പിള്‍സ് തകര്‍ന്നു.

അക്ഷയ് ശിവ് (9), ഇംപാക്റ്റ് പ്ലെയര്‍ അതുല്‍ (6), അക്ഷയ് ടി.കെ (15), അക്ഷയ് ചന്ദ്രന്‍ (0) എന്നിവരെല്ലാം നിരാശപ്പെടുത്തി.

നേരത്തേ ഓപ്പണര്‍ ആനന്ദ് കൃഷ്ണന്റെ സെഞ്ചുറിയാണ് ബ്ലൂ ടൈഗേഴ്‌സിനെ മികച്ച സ്‌കോറിലെത്തിച്ചത്. 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സാണ് കൊച്ചി അടിച്ചെടുത്തത്. 66 പന്തില്‍ നിന്ന് പുറത്താകാതെ 138 റണ്‍സാണ് അനന്ദ് അടിച്ചെടുത്തത്. 11 സിക്‌സും ഒമ്പത് ഫോറുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.