ഡൊണാൾഡ് ട്രംപ് | ഫോട്ടോ: എ.പി

വാഷിങ്ടണ്‍ : യു.എസ്. മുന്‍ പ്രസിഡന്റും പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപിന് സമീപം വെടിവെപ്പ്. അദ്ദേഹം ഫ്‌ലോറിഡ വെസ്റ്റ് പാം ബീച്ചിലെ ട്രംപ് ഇന്‍ര്‍നാഷണല്‍ ഗോള്‍ഫ് ക്ലബ്ബിൽ ഗോള്‍ഫ് കളിയില്‍ ഏര്‍പ്പെട്ടിരിക്കെയാണ് പരിസരത്ത് വെടിവെപ്പുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട്, അക്രമിയെന്ന് സംശയിക്കുന്ന റയാന്‍ വെസ്ലി റൂത്ത് എന്നയാളെ പോലീസ് പിടികൂടിയിട്ടുണ്ട്.

യു.എസ്. സമയം ഉച്ചയ്ക്ക് രണ്ടുമണിയോടെ നടന്ന സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. വെടിവെപ്പ് നടക്കുന്ന സമയത്ത് ട്രംപ് ക്ലബില്‍ ഗോള്‍ഫ് കളിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് വൈറ്റ് ഹൗസിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. എന്നാൽ ട്രംപിന് പരിക്കില്ലെന്നും അദ്ദേഹം പൂർണമായും സുരക്ഷിതനാണെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കുന്നു.

അക്രമി ഒന്നിലേറെ തവണ വെടിയുതിർത്തതായും സുരക്ഷാ ഉദ്യോഗസ്ഥർ തിരിച്ച് വെടിവെച്ചതായും ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിനു ശേഷം കാറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് പിടികൂടി. എ.കെ. 47 തോക്ക്, ക്യാമറ, രണ്ട് ബാഗുകള്‍ തുടങ്ങിയവ ഇയാളില്‍നിന്ന് പിടിച്ചെടുത്തതായി പോലീസ് വ്യക്തമാക്കി.

ട്രംപ് ഇന്റര്‍നാഷണല്‍ ഗോള്‍ഫ് ക്ലബ്ബില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നു | ഫോട്ടോ: എ.എഫ്.പി.

ഗോള്‍ഫ് ക്ലബ്ബില്‍ വെടിവെപ്പുണ്ടായതായി ട്രംപിന്റെ മകന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ എക്‌സില്‍ സ്ഥിരീകരിച്ചു. ‘ട്രംപിന് സമീപമുണ്ടായ വെടിവെപ്പില്‍ അദ്ദേഹം സുരക്ഷിതനാണ്’, എന്ന് ട്രംപിന്റെ പ്രചാരണ വിഭാഗത്തിന്റെ കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ സ്റ്റീവന്‍ ചങ് അറിയിച്ചു.

പെന്‍സില്‍വേനിയയിലെ ബട്‌ലറില്‍ പ്രചാരണറാലിയില്‍ നേരത്തെ ട്രംപിന് നേരെ വധശ്രമമുണ്ടായിരുന്നു. സംഭവം നടന്ന്‌ രണ്ടുമാസം തികയുമ്പോഴാണ് വീണ്ടും വെടിവെപ്പ് ഉണ്ടാവുന്നത്. പ്രചാരണത്തില്‍ പ്രസംഗിക്കുമ്പോള്‍ വലതുചെവിക്ക് വെടിയേല്‍ക്കുകയായിരുന്നു. അക്രമി തോമസ് മാത്യു ക്രൂക്‌സിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചു കൊന്നു.