Photo: x.com/KeralaBlasters
കൊച്ചി : ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനും കോച്ച് മിക്കേല്‍ സ്റ്റാറെയ്ക്കും തോല്‍വിയോടെ തുടക്കം. 80 മിനിറ്റോളം കാര്യമായ ചലനമില്ലാതെ കടന്നുപോയി ഒടുവില്‍ അവസാന മിനിറ്റുകളിലും ഇന്‍ജുറി ടൈമിലും ആവേശത്തിന്റെ കൊടുമുടികയറിയ മത്സരത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് പഞ്ചാബ് എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിനെ മുട്ടുകുത്തിച്ചത്. ലൂക്ക മയ്‌സെന്‍, ഫിലിപ്പ് മിര്‍സില്‍ജാക്ക് എന്നിവര്‍ പഞ്ചാബിനായി സ്‌കോര്‍ ചെയ്തു. ജീസസ് ജിമെനെസിന്റെ ഹെഡര്‍ ഗോളായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ആശ്വാസം.
ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയില്ലാതെ ആദ്യ മത്സരത്തിനിറങ്ങിയ ബ്ലാസ്റ്റേഴ്‌സ് മൈതാനത്ത് ഒത്തിണക്കത്തോടെ പന്തുതട്ടാന്‍ ബുദ്ധിമുട്ടി. മറുവശത്ത് കൃത്യമായി പദ്ധതികളുമായി മികച്ച ഒത്തിണക്കത്തോടെ കളിച്ച പഞ്ചാബ് മികച്ച അവസരങ്ങളും മുന്നേറ്റങ്ങളും സൃഷ്ടിച്ചു. ആദ്യ പകുതിയില്‍ അവര്‍ പന്ത് വലയിലെത്തിച്ചെങ്കിലും അത് ഓഫ്‌സൈഡായി.
85-ാം മിനിറ്റില്‍ പഞ്ചാബ് താരം ലിയോണ്‍ അഗസ്റ്റിനെ ബ്ലാസ്‌റ്റേഴ്‌സ് ഡിഫന്‍ഡര്‍ മുഹമ്മദ് സഹീഫ് ബോക്‌സില്‍ വീഴ്ത്തുന്നതോടെയാണ് കളിക്ക് ചൂടുപിടിക്കുന്നത്. ഈ ഫൗളിന് ലഭിച്ച പെനാല്‍റ്റി 86-ാം മിനിറ്റില്‍ ലൂക്ക ലക്ഷ്യത്തിലെത്തിച്ചു. ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷ് നിന്നിടത്തുനിന്ന് ഒന്ന് അനങ്ങിയതുപോലുമില്ല.
എന്നാല്‍ ഗോള്‍വീണതോടെ ജീവന്‍വെച്ച ബ്ലാസ്‌റ്റേഴ്‌സ് ആക്രമണം ഒടുവില്‍ ഇന്‍ജുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. പ്രീതം കോട്ടാല്‍ വലതുവിങ്ങില്‍ നിന്ന് ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കിയ കിടിലനൊരു പാസില്‍ തലവെച്ച് ജിമെനെസ് പഞ്ചാബ് വലകുലുക്കിയതോടെ കലൂരിലെ ആരാധകക്കൂട്ടം ഇളകി. എന്നാല്‍ മൂന്നു മിനിറ്റിനകം ഗാലറിയെ നിശബ്ദരാക്കി പഞ്ചാബ് വിജയഗോള്‍ നേടി. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന്റെ ഒത്തിണക്കമില്ലായ്മ വെളിപ്പെട്ട ഗോള്‍കൂടിയായിരുന്നു അത്. ബോക്‌സിലെ കടുത്ത പ്രതിരോധം മറികടന്ന് ലൂക്ക് മയ്‌ലന്‍ നീട്ടിയ ഒരു പാസ് ക്ലിയര്‍ ചെയ്യാന്‍ ഒരൊറ്റ ബ്ലാസ്‌റ്റേഴ്‌സ് ഡിഫന്‍ഡര്‍ പോലും ഒഴിഞ്ഞുകിടന്ന ആ സ്ഥലത്ത് ഉണ്ടായിരുന്നില്ല. ഓടിയെത്തിയ ഫിലിപ്പ് മിര്‍സില്‍ജാക്ക് സച്ചിന്‍ സുരേഷിന് യാതൊരു അവസരവും നല്‍കാതെ പന്ത് വലയിലാക്കി.
