പ്രതീകാത്മക ചിത്രം

ലഖ്‌നൗ : യുവാവിനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബരേയ്‌ലി മീര്‍ഗഞ്ച് സ്വദേശി ശിവംകുമാറിനെ(22)യാണ് സുഹൃത്തായ 22-കാരന്‍ കൊലപ്പെടുത്തിയത്. കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടെ പ്രതി പോലീസിന് നേരേ വെടിയുതിര്‍ത്തിരുന്നു. തുടര്‍ന്ന് ഏറ്റുമുട്ടലിനൊടുവില്‍ വെടിവെച്ച് വീഴ്ത്തിയശേഷമാണ് ഇയാളെ പോലീസ് പിടികൂടിയത്.

കഴിഞ്ഞ ബുധനാഴ്ചയാണ് ക്ഷീരകര്‍ഷകനായ ശിവംകുമാറിനെ കാണാതായത്. പിറ്റേദിവസം റെയില്‍പാളത്തിനരികിലെ തോട്ടത്തില്‍ യുവാവിന്റെ മൃതദേഹം വെട്ടിനുറുക്കിയനിലയില്‍ കണ്ടെത്തി. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളും ശിവംകുമാറിന്റെ ഫോണ്‍വിളി വിവരങ്ങളും പരിശോധിച്ചശേഷമാണ് രണ്ടുദിവസത്തിനുള്ളില്‍ പോലീസ് പ്രതിയെ പിടികൂടിയത്.

പെയിന്റിങ് തൊഴിലാളിയായ പ്രതിയും കൊല്ലപ്പെട്ട ശിവംകുമാറും ബാല്യകാല സുഹൃത്തുക്കളാണെന്ന് പോലീസ് പറഞ്ഞു. അഞ്ച് വര്‍ഷം മുന്‍പ് ശിവംകുമാര്‍ നിര്‍ബന്ധിച്ച് പ്രതിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടു. അന്ന് ശിവംകുമാറില്‍നിന്ന് ഉപദ്രവം നേരിട്ടതില്‍ പ്രതിക്ക് പകയായി. ഇതിന് പ്രതികാരംചെയ്യണമെന്ന് തീരുമാനിക്കുകയും ശിവംകുമാറിനെ കൊലപ്പെടുത്തുകയുമായിരുന്നു.

സംഭവദിവസം ഒരുമിച്ചിരുന്ന് മദ്യപിക്കാനായി പ്രതി ശിവംകുമാറിനെ ഫോണില്‍ വിളിച്ചുവരുത്തി. യുവാവ് മദ്യലഹരിയിലായതോടെ പ്രതി കഴുത്തറത്ത് ഇയാളെ കൊലപ്പെടുത്തുകയായിരുന്നു. പലതവണ ശരീരത്തില്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് വെട്ടിനുറുക്കിയ മൃതദേഹം തോട്ടത്തില്‍ ഉപേക്ഷിച്ച് പ്രതി കടന്നുകളയുകയായിരുന്നു.

ആസൂത്രിതമായാണ് ഇയാള്‍ കൃത്യം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. എങ്ങനെ കൊലപാതകം നടത്തണമെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇയാള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞിരുന്നതായും പോലീസ് പറഞ്ഞു. അതേസമയം, പ്രതിയുടെ മൊഴി പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ലെന്നും സംഭവത്തില്‍ എല്ലാവശങ്ങളും അന്വേഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.