അരവിന്ദ് കെജ്രിവാൾ | Photo: ANI

ന്യൂഡല്‍ഹി : മദ്യനയവുമായി ബന്ധപ്പെട്ട് സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് അഞ്ചുമാസമായി ജയിലില്‍ കഴിയുന്ന കെജ്‌രിവാളിന്റെ അപേക്ഷയില്‍ വിധി പറഞ്ഞത്. ജാമ്യത്തിനായി ആദ്യം വിചാരണക്കോടതിയെ സമീപിക്കാത്ത കെജ്‌രിവാളിന്റെ നടപടിയെ സി.ബി.ഐ. എതിര്‍ത്തിരുന്നു.

അതേസമയം, വീണ്ടും വിചാരണക്കോടതിയിലേക്കു വിട്ടാല്‍ അത് പാമ്പും കോണിയും കളി പോലെയാകുമെന്ന് കെജ്‌രിവാള്‍ വാദിച്ചു. മദ്യനയവുമായി ബന്ധപ്പെട്ട് ഇ.ഡി. രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കെജ്‌രിവാളിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. ജൂലൈ 12 നാണ് കെജ്‌രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ഇ.ഡി.അറസ്റ്റ് ചോദ്യം ചെയ്ത് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി വിശാല ബെഞ്ചിന് വിട്ടുകൊണ്ടാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. എന്നാൽ അഴിമതി നിരോധന നിയമപ്രകാരം സിബിഐ അറസ്റ്റ് ചെയ്തതിനാല്‍ കെജ്‌രിവാള്‍ തിഹാര്‍ ജയിലില്‍ തന്നെ തുടരുകയായിരുന്നു.

ഇ.ഡി രജിസ്റ്റര്‍ചെയ്ത കേസിലെ ജാമ്യം അപ്രസക്തമാക്കാന്‍ മാത്രമായിരുന്നു കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. കെജ്‌രിവാള്‍ വ്യാഴാഴ്ച വൈകിട്ടോടെ ഡല്‍ഹി തിഹാര്‍ ജയിലില്‍നിന്ന് പുറത്തേക്കുവരും. ജസ്റ്റിസുമാരായ സൂര്യ കാന്ത്, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് ഡല്‍ഹി മദ്യനയത്തില്‍ സിബിഐ രജിസ്റ്റര്‍ചെയ്ത കേസില്‍ കെജ്‌രിവാളിന് സ്ഥിരം ജാമ്യം അനുവദിച്ചത്.

കേസിലെ വിചാരണ ഉടനടിയൊന്നും തീരാന്‍ സാധ്യതയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വ്യക്തിയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയം ആയതിനാല്‍ ജാമ്യം അനുവദിക്കുന്നുവെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ജയില്‍ മോചിതനാകുമെങ്കിലും, കെജ്‌രിവാളിന് മുഖ്യമന്ത്രി എന്ന നിലയില്‍ ഔദ്യോഗിക ചുമതലകള്‍ വഹിക്കാന്‍ പരിമിതികളുണ്ടാകും. ഇ.ഡി കേസില്‍ ജാമ്യം അനുവദിക്കുമ്പോള്‍ കെജ്‌രിവാള്‍ സെക്രട്ടറിയേറ്റില്‍ പ്രവേശിക്കരുതെന്നും, ഫയലുകള്‍ ഒപ്പിടരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശങ്ങളോട് വിയോജിപ്പുണ്ടെങ്കിലും, ഇപ്പോള്‍ മറ്റ് നിര്‍ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുന്നില്ലെന്ന് ജസ്റ്റിസ് ഭുയാന്‍ തന്റെ വിധിയില്‍ രേഖപ്പെടുത്തി.

2021-22 കാലത്ത് നടന്ന മദ്യനയവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർച്ച് 21- നാണ് ഡൽഹിയിൽ കെജ്‌രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് ഇ.ഡി. കസ്റ്റഡിയിൽ ഇരിക്കെ ജൂണ്‍ 26-ന് സിബിഐ അറസ്റ്റ് ചെയ്തു. കേസിൽ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത് 17 മാസത്തിന് ശേഷമാണ് സിസോദിയയ്ക്ക് ജാമ്യം ലഭിച്ചത്. സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്. സിബിഐയും ഇഡിയും രജിസ്റ്റര്‍ ചെയ്ത മദ്യനയ കേസുകളില്‍ വിചാരണ ആരംഭിക്കുന്നതിലെ കാലതാമസം പരിഗണിച്ചാണ് സിസോദിയയ്ക്ക് കോടതി ജാമ്യം നല്‍കിയത്..