സീതാറാം യെച്ചൂരി| Photo: PTI
തിരുവനന്തപുരം : അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ അനുസ്മരിച്ച് രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍. ഇന്ത്യ കണ്ട പ്രമുഖ ധിഷണാശാലികളില്‍ ഉന്നതനിരയിലാണ് സീതാറാമിന്റെ സ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശക്തരായ കമ്മ്യൂണിസ്റ്റ് എതിരാളികള്‍ക്ക് പോലും അങ്ങേയറ്റം ആദരവോടെ, സ്‌നേഹത്തോടെ സമീപിക്കാന്‍ കഴിഞ്ഞ നേതാവായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയെന്ന ആശയത്തിന്റെ സംരക്ഷകരിലൊരാളായിരുന്നു സീതാറാം യെച്ചൂരിയെന്ന് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.
അങ്ങേയറ്റം വേദനാജനകവും ഞെട്ടിക്കുന്നതുമായ വാര്‍ത്തയാണ്. സഖാവ് സീതാറാം വിദ്യാര്‍ഥി ജീവിതത്തിലൂടെ തന്റെ പൊതുപ്രവര്‍ത്തനം ആരംഭിച്ചതാണ്. ആ കാലംതൊട്ട് രാജ്യം ശ്രദ്ധിക്കുന്ന പൊതുപ്രവര്‍ത്തകനായി അദ്ദേഹം മാറിയിരുന്നു. ഇന്ത്യ കണ്ട പ്രമുഖ ധിഷ്ണാശാലികളില്‍ ഉന്നതനിരയില്‍ തന്നെയാണ് സീതാറാമിന്റെ സ്ഥാനം എക്കാലവും. എല്ലാ മേഖലയിലും നല്ല ബന്ധം പുലര്‍ത്തിപ്പോന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു അദ്ദേഹം, പിണറായി വിജയന്‍ പറഞ്ഞു.
ശക്തരായ കമ്മ്യൂണിസ്റ്റ് എതിരാളികള്‍ക്ക് പോലും അങ്ങേയറ്റം ആദരവോടെ, സ്‌നേഹത്തോടെ സമീപിക്കാന്‍ കഴിഞ്ഞ നേതാവ് കൂടിയായിരുന്നു സീതാറാം യെച്ചൂരി. പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അതീവ ദുഃഖകരമാണ് ഈ വേര്‍പാട്. പെട്ടെന്ന് നികത്താവുന്ന ഒന്നല്ല അദ്ദേഹത്തിന്‍റെ വേർപാടെന്നും അങ്ങേയറ്റം ഹൃദയഭാരത്തോടെ അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയിലെ ജനാധിപത്യ പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണ് സീതാറാമിന്റെ നിര്യാണം മൂലം സംഭവിച്ചിരിക്കുന്നതെന്ന് മുതിര്‍ന്ന സിപിഎം നേതാവും പൊളിറ്റ് ബ്യൂറോ അംഗവുമായ എസ്. രാമചന്ദ്രന്‍ പിള്ള പറഞ്ഞു. ഇന്ത്യയെന്ന ആശയത്തിന്റെ സംരക്ഷകരിലൊരാളായിരുന്നു സീതാറാം യെച്ചൂരിയെന്ന് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. യെച്ചൂരിയുടെ വേര്‍പാട് നികത്തുക എളുപ്പമല്ലെന്നും ഇന്ത്യയിലെ ജനാധിപത്യ മതേതര ശക്തികള്‍ക്കുണ്ടായ തീരാനഷ്ടമാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി അനുസ്മരിച്ചു.
യെച്ചൂരിയുടെ വേര്‍പാട് ദേശീയ രാഷ്ട്രീയത്തിന് നഷ്ടമാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അനുശോചനസന്ദേശത്തിൽ പറഞ്ഞു. പൊതു ജീവിത്തില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ എല്ലായ്പ്പോഴും ഓര്‍മിക്കപ്പെടുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.
ഇടതുപക്ഷത്തിന് നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് സിപിഎം നേതാവ് ആനി രാജ പറഞ്ഞു. എല്ലാവരും ഒരുപോലെ കാണുന്നയാളാണ് യെച്ചൂരിയെന്ന് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ കെ.കെ ശൈലജ ഓർമിച്ചു. പ്രകാശ് കാരാട്ട് കഴിഞ്ഞാല്‍ ആരാണ് സെക്രട്ടറിയെന്ന് ആലോചിക്കുമ്പോള്‍ രണ്ടാമതൊരു പേര് ആലോചിക്കേണ്ടിവന്നിട്ടില്ലെന്നും സീതാറാം യെച്ചൂരി സെക്രട്ടറിയാകണമെന്നാണ് ആഗ്രഹിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
