പ്രജ്വൽ രേവണ്ണ | Photo: facebook.com/iPrajwalRevanna

ബെംഗളൂരു : ഹാസന്‍ മുന്‍ എം.പി. പ്രജ്ജ്വല്‍ രേവണ്ണയുടെപേരില്‍ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) ഒരു കുറ്റപത്രംകൂടി സമര്‍പ്പിച്ചു. ലൈംഗികപീഡനക്കേസില്‍ പ്രജ്ജ്വലിന്റെ പേരിലുള്ളരണ്ടാമത്തെ കുറ്റപത്രമാണ് ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേകകോടതിയില്‍ പോലീസ് സമര്‍പ്പിച്ചത്.

പ്രജ്ജ്വലിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയില്‍ ഹൊളെനരസിപുരയിലുള്ള ഫാം ഹൗസിലെ മുന്‍ജീവനക്കാരിയായ 48-കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് 1632 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. സ്ത്രീയെ രണ്ടുതവണ പ്രജ്ജ്വല്‍ ബലാത്സംഗംചെയ്തതായും ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയതായും കുറ്റപത്രത്തില്‍ പറയുന്നു. ആദ്യം ഹൊളെനരസിപുരയിലെ ഫാം ഹൗസില്‍വെച്ചും ഏതാനുംദിവസത്തിനുശേഷം പ്രജ്ജ്വലിന്റെ അച്ഛനും എം.എല്‍.എ.യുമായ എച്ച്.ഡി. രേവണ്ണയുടെ ഉടമസ്ഥതയിലുള്ള ബെംഗളൂരു ബസവനഗുഡിയിലെ വീട്ടില്‍വെച്ചുമാണ് അതിക്രമംനടന്നതെന്നും പറയുന്നു. മറ്റൊരവസരത്തില്‍ ഫാം ഹൗസില്‍വെച്ച് പ്രജ്ജ്വല്‍ പീഡിപ്പിക്കാന്‍ശ്രമിച്ചപ്പോള്‍ ഇവര്‍ രക്ഷപ്പെട്ടതായും പറയുന്നു.

2012-ലാണ് കുറ്റപത്രത്തില്‍പ്പറയുന്ന അതിക്രമങ്ങളുണ്ടായത്. ഇതിന്റെ വീഡിയോദൃശ്യങ്ങളും കുറ്റപത്രത്തോടൊപ്പം നല്‍കിയിട്ടുണ്ട്. 113 സാക്ഷികളെയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തി. ഈ കേസിലെ അതിജീവിതയെ തട്ടിക്കൊണ്ടുപോയതിന് എച്ച്.ഡി. രേവണ്ണയെ നേരത്തേ പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തിരുന്നു. ഇപ്പോള്‍ ജാമ്യത്തിലാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനിടെ പ്രജ്ജലിന്റെ അതിക്രമങ്ങളുടെ വീഡിയോ പുറത്തായപ്പോഴായിരുന്നു തട്ടിക്കൊണ്ടുപോയത്. പ്രജ്ജ്വലിനെതിരേ മൊഴികൊടുക്കാതിരിക്കാന്‍ തട്ടിക്കൊണ്ടുപോയെന്നാണ് രേവണ്ണയുടെ പേരിലുള്ള കേസ്.