ബാബര്‍ അസം

ഇസ്ലാമാബാദ് : സമീപകാലത്ത് മോശം പ്രകടനങ്ങളുടെ പേരില്‍ ഏറെ പഴികേള്‍ക്കുന്ന താരമാണ് പാകിസ്താന്റെ ബാബര്‍ അസം. ഇന്ത്യന്‍ താരം വിരാട് കോലിയേക്കാള്‍ പ്രതിഭയുള്ള താരമെന്ന് പാക് ആരാധകര്‍ മേനിപറഞ്ഞിരുന്നയാളായിരുന്നു ബാബര്‍. എന്നാല്‍ ഇപ്പോള്‍ സ്വന്തം ആരാധകര്‍ തന്നെയാണ് മോശം ഫോമിന്റെ പേരില്‍ താരത്തെ തള്ളിപ്പറയുന്നത്.

ഇപ്പോഴിതാ ഒരു ആരാധകനോടുള്ള താരത്തിന്റെ പെരുമാറ്റമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒപ്പം ഫോട്ടോയെടുക്കാനെത്തിയ ഒരു ആരാധകന്‍ തോളില്‍ കൈയിട്ടപ്പോള്‍ അദ്ദേഹത്തിന്റെ കൈ തട്ടിമാറ്റിയ ബാബറിന്റെ പെരുമാറ്റത്തിനെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ടെസ്റ്റിലടക്കം മോശം ഫോമിന്റെ പേരില്‍ ആരാധകരുടെ കണ്ണിലെ കരടായി മാറുന്നതിനിടെയാണ് പുതിയ സംഭവം.

വീഡിയോ വൈറലായതോടെ നികവധിയാളുകളാണ് ബാബറിനെ വിമര്‍ശിച്ച് രംഗത്തെത്തുന്നത്. അടുത്തിടെ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ പാകിസ്താന്‍ പരാജയപ്പെട്ടിരുന്നു. പരമ്പരയിലെ മോശം പ്രകടനത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടുന്നതിനിടെയാണ് പുതിയ സംഭവം.