പ്രതീകാത്മക ചിത്രം

ചെന്നൈ : മന്ത്രിയുടെ ഡ്രൈവറും സുഹൃത്തുക്കളും ചേര്‍ന്ന് കോളേജ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. തമിഴ്നാട് സ്‌കൂള്‍ വിദ്യാഭ്യാസമന്ത്രി അന്‍പില്‍ മഹേഷിന്റെ ഡ്രൈവര്‍ സിലംബരശനും സുഹൃത്തുക്കള്‍ക്കുമെതിരേ ബി.ജെ.പി. വ്യവസായവിഭാഗം വൈസ് പ്രസിഡന്റ് സെല്‍വകുമാറാണ് എക്‌സിലൂടെ ഇത് വെളിപ്പെടുത്തിയത്. പീഡനം മൊബൈല്‍ ക്യാമറയില്‍പകര്‍ത്തി യുവതിയെ ഭീഷണിപ്പെടുത്തുന്നതായും മുഖ്യമന്ത്രിയും പോലീസും കുറ്റകൃത്യം മറയ്ക്കാന്‍ ശ്രമിക്കുകയാണെന്നും സെല്‍വകുമാര്‍ ആരോപിച്ചു.

യുവതിയെ വീഡിയോ കാട്ടി ഭീഷണിപ്പെടുത്തി പലതവണ പീഡനത്തിനിരയാക്കി. പെണ്‍കുട്ടി പോലീസ് സൂപ്രണ്ടിന് പരാതിനല്‍കിയിട്ടും കേസെടുത്തില്ലെന്നും സെല്‍വകുമാര്‍ ആരോപിച്ചു. തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടിയും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സിലംബരസന്‍ മാത്രമേ പീഡിപ്പിച്ചിട്ടുള്ളൂവെന്നാണ് പരാതിയിലുള്ളത്. സൗഹൃദംനടിച്ച് പല സ്ഥലങ്ങളിലേക്ക് സിലംബരശന്‍ കൊണ്ടു പോയെന്നും അതിനിടയിലാണ് ലൈംഗികാതിക്രമം നടന്നതെന്നും പരാതിയില്‍ പറഞ്ഞിട്ടുണ്ട്.

വിവരം പുറത്തറിയിച്ചാല്‍ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. പണംനല്‍കാമെന്ന് പറഞ്ഞ് വിഷയം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചുവെന്നും ഭയന്ന് ഇക്കാര്യം മാതാപിതാക്കളോടുപോലും പറഞ്ഞില്ലെന്നും പരാതിയിലുണ്ട്. മകള്‍ക്ക് ഗര്‍ഭച്ഛിദ്രം നടത്താനുള്ള ഗുളിക സിലംബരശന്‍ വാങ്ങിക്കൊടുത്തുവെന്നാണ് യുവതിയുടെ അമ്മ പറയുന്നത്. കുടുംബത്തിനെതിരേ ഭീഷണിമുഴക്കുകയാണെന്നും അവര്‍ പറഞ്ഞു.

അതേസമയം, തന്നെ പീഡിപ്പിച്ചതായി യുവതി സെപ്റ്റംബര്‍ മൂന്നിന് പോലീസില്‍ പരാതി നല്‍കിയതായും വിവരമുണ്ട്. അതില്‍ സിലംബരസന്‍ മാത്രമേ തന്നെപീഡിപ്പിച്ചിട്ടുള്ളൂവെന്നാണുള്ളത്.