അറസ്റ്റിലായ ദർശൻ

ബെംഗളൂരു : കര്‍ണാടകത്തിലെ രാമനഗരയില്‍ തട്ടിക്കൊണ്ടുപോയ അഞ്ചുവയസ്സുകാരിയെ സമീപത്തെ സിമന്റ് ഗോഡൗണില്‍ കണ്ടെത്തി. വായ ടേപ്പുകൊണ്ട് ഒട്ടിച്ചും കൈകാലുകള്‍ കെട്ടിയ നിലയിലുമായിരുന്നു കുട്ടി. സംഭവത്തില്‍ പ്രദേശത്തെ പെയിന്റിങ് ജോലിക്കാരനായ ദര്‍ശനെ(22)അറസ്റ്റു ചെയ്തു. രാമനഗരയിലെ ചാമുണ്ഡിപുര ലേ ഔട്ടില്‍ ഞായറാഴ്ച ഗണേശചതുര്‍ഥി ഉത്സവത്തിനിടെയാണ് സംഭവം.

ഉത്സവത്തിന്റെ ഭാഗമായുള്ള ഗണേശ പ്പന്തലില്‍നിന്നാണ് പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. രണ്ടു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു ലക്ഷ്യം. മയക്കുമരുന്നു വാങ്ങാന്‍ പണമുണ്ടാക്കാനായിരുന്നു ഇതെന്നും പോലീസ് അറിയിച്ചു. മയക്കുമരുന്നിന് അടിമയാണ് ഇയാളെന്നാണ് വിവരം.

കുട്ടിയുടെ പിതാവിന്റെ നേതൃത്വത്തില്‍ തിരച്ചിലിനിറങ്ങിയ പ്രദേശവാസികളാണ് ഗണേശപ്പന്തലിന് 700 മീറ്ററോളം അകലെയുള്ള സിമന്റ് ഗോഡൗണില്‍ കുട്ടിയെ കണ്ടെത്തിയത്.