ദേവനാരായണന്‍ കള്ളിയത്ത്

കോഴിക്കോട് : ആര്‍. പ്രഗ്നാനന്ദയുടെ ചുവടുപിടിച്ച് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന അണ്ടര്‍-8 ഏഷ്യന്‍ ചെസ് ചാമ്പ്യന്‍ഷിപ്പിലും ലോക ചെസ് ചാമ്പ്യന്‍ഷിപ്പിലും കോമണ്‍വെല്‍ത്ത് ടൂര്‍ണമെന്റിലും ഇന്ത്യയെ പ്രതിനിധീകരിക്കാനൊരുങ്ങി പാലക്കാട്ടുകാരന്‍ ദേവനാരായണന്‍ കള്ളിയത്ത്.

പാലക്കാട് മേഴത്തൂര്‍ സ്വദേശി സാവന്‍ദേവിന്റെയും രശ്മിയുടെയും മകനായ ദേവനാരായണന്‍, മേഴത്തൂര്‍ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥിയാണ്.

മൈസൂരില്‍ നടന്ന 37-ാമത് അണ്ടര്‍ 7 ദേശീയ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ വിജയിച്ചതുള്‍പ്പെടെ നിരവധി നേട്ടങ്ങള്‍ ഇതിനോടകം ദേവനാരായണനെ തേടിയെത്തിയിട്ടുണ്ട്. ഈ വിജയത്തോടെയാണ് അണ്ടര്‍-8 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ലോക ചാമ്പ്യന്‍ഷിപ്പിലും കോമണ്‍വെല്‍ത്ത് ടൂര്‍ണമെന്റിലും ഇന്ത്യയുടെ ഔദ്യോഗിക താരമായി പങ്കെടുക്കാനുള്ള അവസരം ദേവനാരായണന് ലഭിച്ചത്.

”അഞ്ചാം വയസില്‍ തന്നെ അവന്‍ ചെസ് കളിക്കാന്‍ തുടങ്ങിയിരുന്നു. കോവിഡ് സമയത്ത് സഹോദരന്‍ ഓണ്‍ലൈനില്‍ ചെസ് കളിക്കുന്നത് കണ്ടാണ് ആദ്യം താത്പര്യം പ്രകടിപ്പിച്ചത്. ചെസ്സിനോടുള്ള് താത്പര്യം വര്‍ധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെ ഞങ്ങള്‍ ഒരു പരിശീലകനെ കണ്ടെത്താന്‍ തീരുമാനിച്ചു. എന്നാല്‍ വെറും ഒരു വര്‍ഷത്തിനുള്ളില്‍ തന്റെ ആറാം വയസില്‍ 2023 ചെ അന്താരാഷ്ട്ര ചെസ്സ് ഫെസ്റ്റിവലില്‍ ക്യൂബന്‍ താരം റോഡ്‌നി ഓസ്‌കാര്‍ പെരെസ് ഗാര്‍സിയയെ സമനിലയില്‍ പിടിച്ച് അവന്‍ എല്ലാവരേയും ഞെട്ടിച്ചു. അണ്ടര്‍-6 സംസ്ഥാനതലത്തിലും അവന്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.” – ദേവനാരായണന്റെ പിതാവ് സാവന്‍ദേവ് പറഞ്ഞു.

ദേവനാരായണന്റെ സഹോദരന്‍ മഹാദേവന്‍ കള്ളിയത്ത് കഴിഞ്ഞ വര്‍ഷം സംസ്ഥാന സബ് ജൂനിയര്‍ ചെസ് ടീമില്‍ അംഗമായിരുന്നു. നിലവില്‍ അക്ഷര ചെസ് അക്കാദമിയില്‍ വിഷ്ണു ദത്ത്, സന്ദീപ് സന്തോഷ് എന്നിവര്‍ക്കു കീഴിലാണ് താരത്തിന്റെ പരിശീലനം.