പി.പി. ജോസ് പോൾ
മാന്നാർ(ആലപ്പുഴ) : ട്രെയിനിൽ നാട്ടിലേക്കു വരുന്നതിനിടെ കാണാതായ സി.ആർ.പി.എഫ്. ജവാൻ ആന്ധ്രപ്രദേശിലെ രാമപുരത്ത് റെയിൽപ്പാളത്തിനരികെ മരിച്ചനിലയിൽ. ബുധനൂർ പെരിങ്ങലിപ്പുറം ഉളുന്തി വർഗീസ് ഭവനിൽ പരേതനായ പി.ജെ. ഫിലിപ്പിന്റെയും കുമാരി ഫിലിപ്പിന്റെയും മകൻ പി.പി. ജോസ് പോൾ (42) ആണ് മരിച്ചത്. സി.ആർ.പി.എഫ്. -217 കോണ്ട (ഛത്തീസ്‌ഗഢ്) യൂണിറ്റിലെ ഹെഡ്‌കോൺസ്റ്റബിളായിരുന്നു.
തിരുപ്പതിക്കും കാട്പാടിക്കും മധ്യേയാണ് മൃതദേഹം കണ്ടത്. ജോസ് പോളിനെ യാത്രയ്ക്കിടെ കാണാതായ വിവരം സഹപ്രവർത്തകൻ ബുധനാഴ്ച രാത്രി വീട്ടിലറിയിച്ചിരുന്നു. ജോസ് പോളിന്റെ സഹോദരങ്ങളും ബന്ധുക്കളും ഉടൻ രാമപുരത്തേക്കു പോയി. വ്യാഴാഴ്ച രാവിലെ അവർ അവിടത്തെ ആർ.പി.എഫിലും ലോക്കൽ പോലീസ് സ്റ്റേഷനിലും പരാതി നൽകി.
ഉച്ചയോടെ രാമപുരത്ത് അജ്ഞാതജഡം കണ്ടതായി സഹോദരങ്ങളെ ആർ.പി.എഫ്. അറിയിച്ചു. ബന്ധുക്കൾ മൃതദേഹം തിരിച്ചറിയുകയും ചെയ്തു. മൃതദേഹം ആന്ധ്രയിലെ ചിറ്റൂർ ഗവ. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സി.ആർ.പി.എഫിൽ 23 വർഷത്തെ സർവീസുള്ള ജോസ് പോൾ, മാവോവാദി വേട്ടയടക്കമുള്ള പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്. നാട്ടിലായിരുന്ന ഇദ്ദേഹം പരിശീലനത്തിനായി ഒരാഴ്‌ച മുൻപാണ് ഛത്തീസ്‌ഗഢിലേക്കു പോയത്. അതുകഴിഞ്ഞ് അവധിയെടുത്ത് വീണ്ടും വരുമ്പോഴാണ് അപകടമെന്ന് ചിറ്റൂരിലുള്ള സഹോദരൻ വർഗീസ് പറഞ്ഞു.
ചൊവ്വാഴ്‌ച മകളുടെ പിറന്നാളോഘോഷം ഉളുന്തിയിലെ വീട്ടിൽ നടന്നത് വീഡിയോ കോളിലൂടെ ജോസ് പോൾ കണ്ടിരുന്നു. ഫോണിന്റെ ചാർജ് തീർന്നതിനെത്തുടർന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ ഫോണിൽനിന്ന് വീട്ടിലേക്കു വിളിക്കുകയും ചെയ്തു. മുകളിലെ ബെർത്തിലായിരുന്ന സുഹൃത്തിന്റെ കൈയിൽ ഫോൺ ചാർജ് ചെയ്യാൻ കൊടുത്തശേഷമാണ് ജോസ് പോൾ ഉറങ്ങിയത്. ബുധനാഴ്ച രാവിലെ ഉണർന്നു നോക്കുമ്പോൾ ജോസ് പോളിനെ കണ്ടില്ലെന്ന് സുഹൃത്തു പറഞ്ഞു.
ഇടയ്ക്ക് ചിറ്റൂർ സ്റ്റേഷൻ കഴിഞ്ഞിരുന്നു. ഉടൻ ടി.ടി.ഇ.യെ അറിയിച്ചു. വിവരമൊന്നും കിട്ടാതായപ്പോൾ സുഹൃത്ത് ജോസ് പോളിന്റെ വീട്ടിലേക്കു വിളിക്കുകയായിരുന്നു. തുടർന്നാണ് സഹോദരങ്ങൾ ആന്ധ്രയിലേക്കു പോയത്. വെള്ളിയാഴ്ച പോസ്‌റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം നാട്ടിലേക്കു കൊണ്ടുവരും.ഭാര്യ: ചെറുകോൽ പറക്കടവ് പുത്തൻപറമ്പിൽ ആശാ തോമസ്. മക്കൾ: ജോമിഷ് കെ. പോൾ, ജാസ്മിൻ കെ. പോൾ. സംസ്കാരം പിന്നീട്.
