പ്രതീകാത്മക ചിത്രം

കോന്നി(പത്തനംതിട്ട) : സഹോദരനെ വാഹനമിടിപ്പിച്ച് തെറിപ്പിച്ചശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കോന്നി പയ്യനാമണ്ണിലെ ബന്ധുവീട്ടിൽ വിവാഹത്തിന് എത്തിയ പെൺകുട്ടിക്കും സഹോദരനും നേരെയാണ് ആക്രമണം. ഇതുമായി ബന്ധപ്പെട്ട് ഇലന്തൂർ പ്രക്കാനം സ്വദേശികളായ സന്ദീപ്, ആരോമൽ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച വൈകീട്ട് നാലരയോടെ ആയിരുന്നു സംഭവം.

സന്ദീപും ആരോമലും ഇവരിൽ ഒരാളുടെ ഭാര്യയും ചേർന്ന് പയ്യനാമണ്ണിൽ എത്തി പെൺകുട്ടിയുടെ സഹോദരനെ ഫോണിൽ വിളിച്ചു. സഹോദരിയെയുംകൂട്ടി കാറിനടുത്തേക്ക് വരാൻ ആവശ്യപ്പെട്ടു. ഇരുവരും കാറിനടുത്ത് എത്തിയപ്പോൾ അകത്തിരുന്നവരിൽ ഒരാൾ പെൺകുട്ടിയെ വലിച്ച് കാറിലേക്ക് കയറ്റി.

കൂടെയുള്ള ആൾ കാർ മുന്നോട്ട് ഓടിച്ചുപോകാൻ തുടങ്ങിയതോടെ പെൺകുട്ടിയുടെ സഹോദരൻ ചാടിവീണു. ഇയാളെയും വലിച്ച് കാർ 25 മീറ്ററോളം പോയി. ഈ സമയം അതുവഴിവന്ന കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ കാർ തടഞ്ഞു. ഇദ്ദേഹം അറിയിച്ചപ്പോൾ എത്തിയ കോന്നി പോലീസ്, കാറിലുണ്ടായിരുന്നവരെ പിടികൂടി. വാടകയ്ക്ക് എടുത്ത കാറാണ് സംഘം ഉപയോഗിച്ചത്. ഇതും പോലീസ് കസ്റ്റഡിയിലാണ്.