ഇന്ത്യ സി‌യ്‌ക്കെതിരായ മത്സരത്തിൽ 9 റൺസെടുത്ത് പുറത്തായ ശ്രേയസ് അയ്യരുടെ നിരാശ (എക്സിൽ പങ്കുവച്ച ചിത്രം)

അനന്തപുർ∙ പരുക്കേറ്റ ഇഷാൻ കിഷന്റെ പകരക്കാരനായി അവസാന നിമിഷം ടീമിലെത്തിയ മലയാളി താരം സഞ്ജു സാംസണിനെ പുറത്തിരുത്തി കളത്തിലിറങ്ങിയ ഇന്ത്യ ‘ഡി’യ്ക്ക്, ദുലീപ് ട്രോഫി ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ‘സി’യ്‌ക്കെതിരെ ബാറ്റിങ് തകർച്ച. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഡി, ഒന്നാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ 30.4 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 76 റൺസ് എന്ന നിലയിലാണ്. 52 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 20 റൺസുമായി അക്ഷർ പട്ടേൽ ക്രീസിലുണ്ട്.

ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഉൾപ്പെടെയുള്ളവർ കാര്യമായ പോരാട്ടം പോലും കൂടാതെ കീഴടങ്ങിയതാണ് ഇന്ത്യ ഡിയ്ക്ക് തിരിച്ചടിയായത്. 20 റൺസുമായി പുറത്താകാതെ നിൽക്കുന്ന അക്ഷർ പട്ടേലാണ് നിലവിൽ ഇന്ത്യ ഡിയുടെ ടോപ് സ്കോറർ. 48 റൺസിനിടെ ആറു വിക്കറ്റ് നഷ്ടമാക്കിയ ഇന്ത്യ ഡിയ്ക്ക്, ഏഴാം വിക്കറ്റിൽ സാരാൻഷ് ജെയിനെ കൂട്ടുപിടിച്ച് അക്ഷർ കൂട്ടിച്ചേർത്ത 28 റൺസാണ് കുറച്ചെങ്കിലും രക്ഷയായത്. ജെയിൻ 41 പന്തിൽ രണ്ടു ഫോറുകളോടെ 13 റൺസെടുത്ത് പുറത്തായി.

ക്യാപ്റ്റൻ ശ്രേയസ് അയ്യർ 16 പന്തിൽ ഒരേയൊരു ഫോർ സഹിതം ഒൻപതു റൺസെടുത്തും പുറത്തായി. ഓപ്പണർമാരായ അതർവ തായ്ഡെ (അഞ്ച് പന്തിൽ നാല്), യാഷ് ദുബെ (12 പന്തിൽ 10), ദേവ്ദത്ത് പടിക്കൽ (0), റിക്കി ഭുയി (13 പന്തിൽ 4), കെ.എസ്. ഭരത് (42 പന്തിൽ 13) എന്നിവരാണ് പുറത്തായ മറ്റുള്ളവർ.

ഇന്ത്യ ‘സി’യ്ക്കായി അൻഷുൽ കംബോജ്, വൈശാഖ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഒൻപത് ഓവറിൽ 16 റൺസ് വഴങ്ങിയാണ് വൈശാഖ് രണ്ടു വിക്കറ്റെടുത്തത്. കംബോജ് എട്ട് ഓവറിൽ 25 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീഴ്ത്തി. ഹിമാൻഷു ചൗഹാൻ 5.4 ഓവറിൽ 10 റൺസ് വഴങ്ങിയും, എം.ജെ. സൂതർ 6 ഓവറിൽ 17 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് സ്വന്തമാക്കി.

ഋതുരാജ് ഗെയ്ക്‌വാദാണ് ഇന്ത്യ സി ടീമിനെ നയിക്കുന്നത്. അനന്തപുർ റൂറൽ ഡെവലപ്മെന്റ് സ്റ്റേഡിയത്തിലാണ് മത്സരം. ഇതേസമയം തന്നെ, ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ത്യ എ, ബി ടീമുകളും ഏറ്റുമുട്ടുന്നു. ദുലീപ് ട്രോഫിയിലെ ആദ്യ റൗണ്ട് മത്സരങ്ങളിലെ പ്രകടനം കൂടി പരിഗണിച്ചാകും ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുക.

ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ ദുലീപ് ട്രോഫി ഇന്നു തുടങ്ങാനിരിക്കെയാണ് ‘ക്ലൈമാക്സ് ട്വിസ്റ്റി’ൽ മലയാളി താരം സഞ്ജു സാംസണിനും ടീമിൽ ഇടം ലഭിച്ചത്. കാലിനു പരുക്കേറ്റ ജാർഖണ്ഡ് താരം ഇഷാൻ കിഷനു പകരക്കാരനായാണ് ബിസിസിഐ സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയത്. ഇഷാൻ കിഷൻ പരുക്കുമൂലം കളിക്കുന്നില്ലെന്ന കാര്യവും, പകരം സഞ്ജു ‘ഇന്ത്യ ഡി’ ടീമിൽ കളിക്കുന്ന വിവരവും ബിസിസിഐ തന്നെയാണ് അർധരാത്രി എക്സിലൂടെ അറിയിച്ചത്.