പ്രതീകാത്മക ചിത്രം

പ്രായമായതോടെ കണ്ണടയില്ലാതെ വായിക്കാൻ കഴിയുന്നില്ലെന്ന് പരാതിപ്പെടുന്നവർ നിരവധിയാണ്. അത്തരക്കാർക്കൊരു സന്തോഷവാർത്ത പുറത്തുവന്നിരിക്കുകയാണ്. കണ്ണിൽ ഒഴിക്കുന്ന ഒരു തുള്ളിമരുന്നിലൂടെ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താം. മുംബൈ ആസ്ഥാനമായുള്ള എന്റോഡ് ഫാർമസ്യൂട്ടിക്കൽസ് ആണ് PresVu Eye Drops എന്ന ഈ തുള്ളിമരുന്നിന് പിന്നിൽ.

വെള്ളെഴുത്ത് അഥവാ പ്രെസ്ബയോപിയയ്ക്കുള്ള ചികിത്സയായാണ് ഐഡ്രോപ്സ് അവതരിപ്പിച്ചിരിക്കുന്നത്. ആ​ഗോളതലത്തിൽ നൂറുകോടിയിലേറെ പേരെ ബാധിക്കുന്ന പ്രശ്നമാണിത്. ഈ സാഹചര്യത്തിലാണ് വെള്ളെഴുത്തിന് പരിഹാരമായി ഐ ഡ്രോപ്സ് അവതരിപ്പിച്ചത്. ഇതിന് ഡ്ര​ഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അം​ഗീകാരവും ലഭിച്ചിട്ടുണ്ട്.

പ്രെസ്ബയോപിയ ഉള്ളവരിൽ കണ്ണടയുടെ സഹായമില്ലാതെ തന്നെ അടുത്തുള്ള വസ്തുക്കൾ കാണാൻ സഹായിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഐ ഡ്രോപ്സ് ആണിത്. വായിക്കാൻ മാത്രമല്ല കണ്ണിലെ വരണ്ട അവസ്ഥ ഇല്ലാതാക്കുന്നതിനും മരുന്നിന് കഴിവുണ്ടെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു.

വർഷങ്ങളോളം നീണ്ട ​ഗവേഷണങ്ങൾക്കൊടുവിലാണ് ഈ ഐ ഡ്രോപ്സ് വികസിപ്പിച്ചതെന്നും ഇത് വെറുമൊരു ഉത്പന്നമല്ല മറിച്ച് നിരവധിപേരുടെ കാഴ്ചാപ്രശ്നങ്ങൾ പരിഹരിക്കുന്ന മരുന്നാണെന്നും എന്റോഡ് ഫാർമസ്യൂട്ടിക്കൽസ് സി.ഇ.ഒ. നിഖിൽ കെ മസുർകർ പറഞ്ഞു.

ഒക്ടോബറോടെ മരുന്ന് വിപണിയിൽ എത്തുമെന്നാണ് കരുതുന്നത്. 350 രൂപയ്ക്കാണ് ഫാർമസികളിൽ ലഭിക്കുക. നാൽപതും അമ്പത്തിയഞ്ചും വയസ്സ് പ്രായമുള്ളവർക്കിടയിലെ നേരിയതും മിതവുമായ പ്രെസ്ബയോപിയ പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ മരുന്നിന് കഴിയുമെന്നാണ് നിർമാതാക്കൾ വ്യക്തമാക്കുന്നത്.

എന്താണ് പ്രെസ്ബയോപിയ?

പ്രായമാകുന്നതിനനുസരിച്ച് കണ്ണിന് ഫോക്കസ് ചെയ്യാനുള്ള കഴിവ് കുറയുകയും അടുത്തുള്ള വസ്തുക്കൾ കാണുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും. പ്രായമാകുംതോറും കണ്ണിനുള്ളിലെ ലെൻസിന് കട്ടികൂടി ലെൻസിന് ബന്ധിപ്പിച്ചിരിക്കുന്ന പേശികൾക്ക് ഇലാസ്റ്റിസിറ്റിയും പവറും നഷ്ടമാവുന്നതാണ് ഇതിന് കാരണം. ഇതുകൊണ്ടാണ് അടുത്തുള്ള വസ്തുക്കളിൽ ഫോക്കസ് ചെയ്യാൻ കഴിയാത്തത്. നാൽപതുകളോടെ ആരംഭിക്കുന്ന ഈ പ്രശ്നം അറുപതുകളാവുമ്പോഴേക്കും വഷളാവുകയാണ് ചെയ്യുന്നത്.