സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ

കോഴിക്കോട് : പുതിയ സ്റ്റാന്‍ഡില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് ക്രൂരമര്‍ദനം. കൊയിലാണ്ടി സ്വദേശി നൗഷാദിനെയാണ് മറ്റൊരു ബസിലെ ഡ്രൈവറായ ഷഹീര്‍ ആക്രമിച്ചത്. ജാക്കി ലിവര്‍ കൊണ്ട് തലയ്ക്കടിയേറ്റ നൗഷാദിന് ഗുരുതരമായി പരിക്കേറ്റു.

ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ബസിന്‍റെ സമയക്രമത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചതെന്നാണ് വിവരം. സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസില്‍ വിശ്രമിക്കുകയായിരുന്ന നൗഷാദിനെ പ്രതിയായ ഷഹീര്‍ ബസിനുള്ളില്‍ കയറി ആക്രമിക്കുകയായിരുന്നു. ബസിലുണ്ടായിരുന്ന ജാക്കി ലിവര്‍ കൊണ്ടാണ് ഇയാള്‍ തലയ്ക്കടിച്ചത്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റ നൗഷാദിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയായ ഷഹീറിനെ കസബ പോലീസ് അറസ്റ്റ് ചെയ്തു.