പ്രതീകാത്മക ചിത്രം
വീടുകള്‍ക്കും മറ്റും ചിലർ മനഃപൂര്‍വ്വം തീയിടുന്ന സംഭവങ്ങള്‍ നിരവധി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗ്രീസിലും അങ്ങനെയൊരു സംഭവമുണ്ടായി. ഒരു യുവതി രണ്ടിടങ്ങളില്‍ മനഃപൂര്‍വ്വം തീയിട്ടു. എന്നാല്‍, ആരോടെങ്കിലുമുള്ള വിരോധമായിരുന്നില്ല അതിന് പിന്നില്‍. മറിച്ച് വിചിത്രമായ കാരണമായിരുന്നു യുവതിയുടേത്. തീകെടുത്താനെത്തുന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരെ കാണാനും അവരോട് ശൃംഗരിക്കാനുമാണ് താൻ കൃഷിയിടത്തിന് തീയിട്ടതെന്നാണ് യുവതി പോലീസിനോട് വെളിപ്പെടുത്തിയത്.
ഗ്രീക്ക് റിപ്പോര്‍ട്ടറിന്റെ റിപ്പോര്‍ട്ട് പ്രകാരം ഓഗസ്റ്റ് 24,25 തീയതികളിലാണ് സംഭവം നടക്കുന്നത്. ഗ്രീസിലെ കറസിറ്റ്‌സ എന്ന പ്രദേശത്തെ കൃഷിയിടത്തിലാണ് യുവതി തീയിട്ടത്. രണ്ടിടങ്ങളില്‍ യുവതി തീയിട്ടു. അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരെ കാണാനും അവരോട് ശൃംഗരിക്കാനുമായാണ് യുവതി ഇത് ചെയ്തതെന്നാണ് അഗ്നിരക്ഷാസേന അറിയിക്കുന്നത്. യുവതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
തീപിടിച്ച രണ്ട് സ്ഥലങ്ങളിലും യുവതിയുടെ സാന്നിധ്യമുണ്ടായതാണ് സംശയമുളവാക്കിയത്. യുവതിയെ നിരീക്ഷിക്കുകയും തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തില്‍ യുവതിയുടെ പങ്കാളിത്തം വെളിപ്പെടുകയുമായിരുന്നു. അഗ്നിരക്ഷാസേന ഉചിതമായ ഇടപെടല്‍ നടത്തിയതോടെ ചെറിയ പ്രദേശത്തെ മാത്രമേ തീപ്പിടിത്തം ബാധിച്ചിട്ടുള്ളൂ.ഓഗസ്റ്റ് 26-നാണ് യുവതിയെ അറസ്റ്റ് ചെയ്യുന്നത്. 36 മാസത്തെ തടവും 1000 യൂറോ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്.
സമാനമായ മറ്റൊരു സംഭവത്തില്‍ 51-കാരനേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 24, 25 തീയതികളില്‍ മൂന്നിടങ്ങളിലാണ് ഇയാള്‍ മനപൂര്‍വം തീയിട്ടതെന്ന് പോലീസ് അറിയിച്ചു.
