പ്രതീകാത്മക ചിത്രം

ബെംഗളൂരു : മുന്‍ ജന്മത്തില്‍ ബന്ധമുണ്ടായിരുന്നുവെന്ന് പറഞ്ഞ് വിദേശ യുവതിയെ പീഡിപ്പിച്ച യോഗാപരിശീലകനെ പോലീസ് അറസ്റ്റുചെയ്തു. ചിക്കമഗളൂരു സ്വദേശി പ്രദീപ് ഉള്ളാലാണ് (54) അറസ്റ്റിലായത്. പഞ്ചാബില്‍ കുടുംബവേരുകളുള്ള കാലിഫോര്‍ണിയയില്‍ താമസിക്കുന്ന യുവതി ചിക്കമഗളൂരു റൂറല്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

സുഹൃത്തുവഴി 2020-ലാണ് ഓണ്‍ലൈന്‍ യോഗാ ക്ലാസ് നടത്തുന്ന പ്രദീപിനെ യുവതി പരിചയപ്പെട്ടത്. തുടര്‍ന്ന് ഓണ്‍ലൈനായി യോഗ അഭ്യസിക്കാന്‍ തുടങ്ങി.

പിന്നീട് പ്രദീപ് ചിക്കമഗളൂരു മല്ലെനഹള്ളിയിലെ യോഗാ പരിശീലനകേന്ദ്രത്തില്‍ വിളിച്ചുവരുത്തി 2021, 2022 വര്‍ഷങ്ങളിലായി മൂന്നു തവണ പീഡിപ്പിച്ചുവെന്നാണ് പരാതി. പരിശീലന കേന്ദ്രത്തിലെത്തിയപ്പോള്‍ നമ്മള്‍ തമ്മില്‍ മുന്‍ ജന്മത്തില്‍ ബന്ധമുണ്ടായിരുന്നുവെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആത്മീയമായി സംസാരിച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറഞ്ഞു. യുവതി വര്‍ഷങ്ങളായി കാലിഫോര്‍ണിയയിലാണ് താമസം.