ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം ∙ ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണർ സ്ഥാനത്തു നാളെ അഞ്ചുവർഷം തികയ്ക്കുന്നു. മുൻഗാമി പി.സദാശിവം അഞ്ചുവർഷം തികയുന്ന ദിവസം മാറിയിരുന്നു. ആരിഫ് മുഹമ്മദ് ഖാന്റെ കാര്യത്തിൽ ഇതുവരെ കേന്ദ്രസർക്കാരിൽനിന്നു തീരുമാനം വന്നിട്ടില്ല. ഗവർണർക്ക് അഞ്ചുവർഷം എന്ന കൃത്യമായ കാലാവധിയില്ല. പുതിയ ഗവർണറെ നിയമിക്കുന്നതുവരെ തുടരാം. പി.സദാശിവം അഞ്ചുവർഷം തികച്ചപ്പോൾ തന്നെ ആരിഫ് മുഹമ്മദ് ഖാനെ നിയമിച്ചിരുന്നു. 2014ൽ മോദി സർക്കാർ വന്നപ്പോൾ, കേരള ഗവർണർ സ്ഥാനത്ത് ആറുമാസം തികയ്ക്കാത്ത ഷീല ദീക്ഷിത്തിന് ഒഴിയേണ്ടിവന്നു.
രണ്ടാഴ്ച മുൻപു ഡൽഹിയിൽ രാഷ്ട്രപതിയുമായും പ്രധാനമന്ത്രിയുമായും ഗവർണർ കൂടിക്കാഴ്ച നടത്തിയപ്പോഴും വ്യക്തമായ സൂചനകളൊന്നും ലഭിച്ചില്ലെന്നാണു വിവരം. ഈ മാസം അവസാനം വരെ ഗവർണർ സംസ്ഥാനത്തു വിവിധ പരിപാടികൾ ഏറ്റിട്ടുണ്ട്. രണ്ടു പിണറായി സർക്കാരുകളുടെ കാലത്തായി അഞ്ചുവർഷവും സർക്കാരുമായി നേരിട്ടുള്ള പോരാട്ടത്തിലായിരുന്നു ഗവർണർ. പൗരത്വഭേദഗതി നിയമ വിഷയത്തിൽ തുടങ്ങി കണ്ണൂർ വിസി നിയമനത്തിലൂടെ പോര് മൂർച്ഛിച്ചു.
ചാൻസലർ എന്ന നിലയിൽ സർവകലാശാലാ ഭരണത്തിൽ പിടിമുറുക്കിയ ഗവർണർക്കെതിരെ ഇടതുമുന്നണി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യക്ഷ സമരത്തിനിറങ്ങി. ഒൻപതു വിസിമാരുടെ രാജി ആവശ്യപ്പെട്ടാണു ഗവർണർ തിരിച്ചടിച്ചത്. വിസിമാരെ നിയമിക്കാൻ സ്വന്തം നിലയ്ക്കു സേർച് കമ്മിറ്റി രൂപീകരിച്ചും താൽപര്യമുള്ളവരെ സെനറ്റിലേക്കു നാമനിർദേശം ചെയ്തുമെല്ലാം ഗവർണർ സർക്കാരിന്റെ കണ്ണിലെ കരടായി.
എസ്എഫ്ഐയെ തെരുവിലിറക്കി ഗവർണറെ നേരിടാനുള്ള സിപിഎം തീരുമാനം പ്രത്യാഘാതങ്ങളുണ്ടാക്കി. സർക്കാരിന്റെ പൊലീസിനെ വേണ്ടെന്നു വച്ച ഗവർണർ സ്വന്തം സുരക്ഷയ്ക്കു കേന്ദ്രസേനയെ നിയോഗിച്ചു. നിയമസഭ പാസാക്കിയ ബില്ലുകൾ പിടിച്ചുവച്ച ഗവർണർക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുന്ന തലത്തിലേക്കു വരെ സർക്കാർ– ഗവർണർ പോരു വളർന്നു. ചാൻസലർ സ്ഥാനത്തുനിന്നു ഗവർണറെ നീക്കാനുള്ള ബില്ലും പിടിച്ചുവച്ചവയുടെ കൂട്ടത്തിലുണ്ടായിരുന്നു. ഗവർണറുടെ അനുമതി വേണ്ട മനുഷ്യാവകാശ കമ്മിഷൻ നിയമനത്തിലടക്കം അദ്ദേഹം ഇടംതിരിഞ്ഞുനിന്നതു സർക്കാരിനെ വെട്ടിലാക്കി.
വയനാട് ദുരന്തബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നൽകണമെന്നു വിവിധ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടും തുക നേടിയെടുത്തുമെല്ലാം ഗവർണർ അടുത്തകാലത്തു സർക്കാരിനൊപ്പം നിന്നിരുന്നു. എങ്കിലും ആരിഫ് മുഹമ്മദ് ഖാൻ തുടരുമോ എന്നതും പകരം ആര് എന്നതും സർക്കാർ ഉറ്റുനോക്കുന്നുണ്ട്.
