പാക്കിസ്ഥാൻ ബംഗ്ലദേശ് രണ്ടാം ടെസ്റ്റിൽനിന്ന്. Photo: FB@PCB
റാവൽപിണ്ടി ∙ പാക്കിസ്ഥാനെതിരെ രണ്ടാം ടെസ്റ്റിലും ബംഗ്ലദേശിനു വിജയപ്രതീക്ഷ. 185 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലദേശ് നാലാം ദിനം വെളിച്ചക്കുറവുമൂലം കളി നിർത്തുമ്പോൾ 7 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 42 റൺസ് എന്ന നിലയിലാണ്.
അവസാനദിനം ജയിക്കാൻ വേണ്ടത് 143 റൺസ്. നേരത്തേ യുവപേസർമാരായ ഹസൻ മഹ്മൂദ് (5–43) നഹീദ് റാണ (4–44) എന്നിവരുടെ മികവിൽ ബംഗ്ലദേശ് ആതിഥേയരെ രണ്ടാം ഇന്നിങ്സിൽ 172 റൺസിനു പുറത്താക്കി. ആദ്യ ടെസ്റ്റ് ബംഗ്ലദേശ് 10 വിക്കറ്റിനു ജയിച്ചിരുന്നു.
ആദ്യ മത്സരം തോറ്റതിനു പിന്നാലെ പാക്കിസ്ഥാനെതിരെ രൂക്ഷവിമർശനമാണ് ആരാധകരിൽനിന്ന് ഉയരുന്നത്. ടെസ്റ്റിൽ പാക്കിസ്ഥാനെതിരെ ബംഗ്ലദേശിന്റെ ആദ്യ വിജയമായിരുന്നു ഇത്. പേസർ ഷഹീൻ അഫ്രീദിയെ ടീമിൽനിന്നു മാറ്റിനിർത്തിയാണ് പാക്കിസ്ഥാൻ രണ്ടാം മത്സരത്തിന് ഇറങ്ങിയത്.
