Photo: PTI
തീവണ്ടിയാത്രയുടെ പുത്തന്‍ അനുഭവവുമായി വന്ദേഭാരത് സ്ലീപ്പര്‍ ട്രാക്കിലേക്ക്. രാജ്യത്ത് ആദ്യമായി നിര്‍മിച്ച വന്ദേഭാരത് സ്ലീപ്പര്‍വണ്ടി ബെംഗളൂരുവില്‍ കഴിഞ്ഞദിവസം പുറത്തിറക്കി. ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ് (ബി.ഇ.എം.എല്‍.) ആണ് വണ്ടി രൂപകല്പനചെയ്ത് നിര്‍മിച്ചത്. ഒന്‍പതുമാസം കൊണ്ടായിരുന്നു നിര്‍മാണം. ബെംഗളൂരുവിലെ ‘ബെമലി’ന്റെ നിര്‍മാണകേന്ദ്രത്തില്‍ കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവാണ് വണ്ടി പുറത്തിറക്കിയത്.
യാത്രയെ സുഖകരമാക്കുന്ന സൗകര്യങ്ങളും സുരക്ഷാക്രമീകരണങ്ങളുമായാണ് രൂപകല്പന ചെയ്തിരിക്കുന്നത്. സ്റ്റെയിന്‍ലെസ് സ്റ്റീലുകൊണ്ടാണ് കമ്പാര്‍ട്ട്മെന്റുകള്‍ നിര്‍മിച്ചിരിക്കുന്നത്. കുലുക്കമൊഴിവാക്കാനും സുരക്ഷയ്ക്കുമായി ബഫറുകളും കപ്ലറുകളും ഘടിപ്പിച്ചിട്ടുണ്ട്. 11 എ.സി. ത്രീ ടയര്‍ കോച്ചുകളും (611 ബെര്‍ത്തുകള്‍), നാല് എ.സി. ടു ടയര്‍ കോച്ചുകളും (188 ബെര്‍ത്തുകള്‍), ഒരു ഒന്നാം ക്ലാസ് എ.സി.കോച്ചും (24 ബെര്‍ത്തുകള്‍) ഉള്‍പ്പെടെ മൊത്തം 16 കോച്ചുകളും 823 ബെര്‍ത്തുകളും ഉണ്ട്. വണ്ടി ബെംഗളൂരുവില്‍നിന്നും ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലേക്ക് പരീക്ഷണങ്ങള്‍ക്കായി കൊണ്ടുപോകും. പാളത്തിലിറക്കിയുള്ള പരീക്ഷണ ഓട്ടവും പൂര്‍ത്തിയാക്കി സുരക്ഷ ഉറപ്പുവരുത്തി മൂന്നു മാസത്തിനുള്ളില്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷ.
യാത്രക്കാര്‍ക്ക് വായിക്കാനുള്ള പ്രത്യേക ലൈറ്റിങ് സംവിധാനമാണ് ഇതിലെ ഏറ്റവും വലിയ ആകര്‍ഷണം. രാജധാനി ട്രെയിനുകളേക്കാള്‍ മികച്ച സൗകര്യങ്ങളും സുരക്ഷയുമാണ് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനിന്റെ പ്രത്യേകത. ലോകോത്തര നിലവാരത്തിലുള്ള യാത്രാനുഭവം ഇതില്‍ യാത്ര ചെയ്യുന്ന സഞ്ചാരികള്‍ക്ക് ലഭിക്കും. കാഴ്ചയ്ക്കും സൗകര്യങ്ങളിലും യൂറോപ്യന്‍ ട്രെയിനുകള്‍ക്ക് സമാനമാണ്. സ്റ്റെയിന്‍ലെസ് സ്റ്റീലാണ് ട്രെയിനുള്ളില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇടത്തരക്കാര്‍ക്കുള്ള ഗതാഗത മാര്‍ഗം എന്ന നിലയില്‍ യാത്രാനിരക്ക് താങ്ങാനാവുന്നതായിരിക്കുമെന്നും റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്.





രാജ്യത്തിന് അഭിമാനമായി ബെമല്‍
പൂര്‍ണമായി രൂപകല്‍പന ചെയ്ത് നിര്‍മിച്ചത് ബെമലിന്റെ ബെംഗളൂരുവിലെ പ്ലാന്റില്‍ നിന്നാണെങ്കിലും സാങ്കേതിക സഹായവുമായി പിന്നണിയില്‍ കഞ്ചിക്കോട് ബെമല്‍ യൂണിറ്റുമുണ്ടായിരുന്നു. ട്രെയിന്‍ രൂപകല്‍പന ചെയ്തു നിര്‍മിച്ചെടുക്കാന്‍ ബെമ്ലിനു വേണ്ടിവന്നതു 9 മാസം മാത്രമാണ്. 16 കോച്ചുള്ള ട്രെയിനിന്റെ എഞ്ചിന്‍ ഉള്‍പ്പെടെ 67.5 കോടിയ്ക്കാണ് ബെമല്‍ നിര്‍മിച്ചത്. ചെന്നൈ കോച്ച് ഫാക്ടറിയുടെ സ്ഥലം, ജീവനക്കാര്‍, അടിസ്ഥാന സൗകര്യം എന്നിവയെല്ലാം ഉപയോഗിച്ച് സ്വകാര്യ കമ്പനി 120 കോടിയ്ക്കാണ് ഇത് ടെന്‍ഡര്‍ ചെയ്തിരുന്നത്. കാര്യക്ഷമതയില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യവത്കരിക്കാന്‍ തീരുമാനിച്ച പൊതുമേഖല സ്ഥാപനമാണ് ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ് (ബി.ഇ.എം.എല്‍.).
വന്ദേഭാരത് സ്ലീപ്പറിന്റെ പ്രത്യേകതകള്‍
- സ്റ്റെയിന്‍ലെസ് സ്റ്റീല്‍കൊണ്ടുള്ള ബോഗികള്‍
- ഫൈബര്‍ഗ്ലാസ് പാനലുകള്‍ ഉപയോഗിച്ചുള്ള ഉള്‍ഭാഗത്തിന്റെ രൂപകല്പന
- മോഡുലാര്‍ പാന്‍ട്രി
- മികച്ചനിരവാരത്തിലുള്ള ഫയര്‍ സേഫ്റ്റി
- പ്രത്യേക പരിഗണനയുള്ളവര്‍ക്കായി പ്രത്യേക ബെര്‍ത്തുകളും ശൗചാലയങ്ങളും
- ഓട്ടോമാറ്റിക് വാതിലുകള്‍
- പൈലറ്റുമാര്‍ക്കും ശൗചാലയം
- ഒന്നാംക്ലാസ് എ.സി.കാറില്‍ ചൂടുവെള്ളവും ഷവറും
- യാത്രക്കാരുടെ വായനയ്ക്കായി പ്രത്യേക ലൈറ്റിങ് സംവിധാനം
- പബ്ലിക് അനൗണ്‍സ്മെന്റ്-വിഷ്വല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം
- വിശാലമായ ലഗേജ് മുറി
