പിടിയിലായ ചിക്കു

കരുനാഗപ്പള്ളി(കൊല്ലം) : യുവതിയുടെ നഗ്നചിത്രം പകർത്തി ഭീഷണിപ്പെടുത്തി കൂട്ടബലാൽസംഗത്തിനിരയാക്കിയ കേസിൽ ഒരാൾകൂടി പോലീസിന്റെ പിടിയിലായി. ആദിനാട് നോർത്ത് മണിമന്ദിരത്തിൽ ചിക്കു (29) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ഇയാൾ ഒളിവിലായിരുന്നു. കേസിലെ മുഖ്യപ്രതിയായ ആദിനാട് സായികൃപയിൽ ഷാൽകൃഷ്ണനെ നേരത്തേ പോലീസ് പിടികൂടിയിരുന്നു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്‌: നിർധനയായ യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ രഹസ്യമായി പകർത്തിയ ഷാൽകൃഷ്ണൻ അത്‌ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികപീഡനം നടത്തി. പിന്നീട്, ഇയാളുടെ സുഹൃത്തുക്കളായ ചിക്കു, ഗുരുലാൽ എന്നിവരോടൊപ്പം രാത്രിയിൽ വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ മർദിക്കുകയും കൂട്ടബലാൽസംഗം നടത്തുകയുമായിരുന്നു.

അറസ്റ്റിലായ ചിക്കുവിനെതിരേ ഓച്ചിറ പോലീസ് സ്റ്റേഷനിൽ മുൻപും വധശ്രമം അടക്കമുള്ള കുറ്റകൃത്യങ്ങൾക്ക് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിക്കായി ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശപ്രകാരം അന്വേഷണം നടത്തിവരവേയാണ് ഇയാൾ പോലീസിന്റെ പിടിയിലാകുന്നത്.

കരുനാഗപ്പള്ളി എ.സി.പി. പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ വി.ബിജു, എസ്.ഐ.മാരായ ഷമീർ, ഷാജിമോൻ, സജികുമാർ, എസ്.സി.പി.ഒ.മാരായ ഹാഷിം, രാജീവ്കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഒളിവിൽ കഴിയുന്ന ഗുരുലാലിനായുള്ള തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ഇയാളെ ഉടൻ പിടികൂടാനാകുമെന്ന് കരുനാഗപ്പള്ളി പോലീസ് അറിയിച്ചു.