തീപ്പിടിത്തം ഉണ്ടായ സ്ഥാപനം

തിരുവനന്തപുരം : പാപ്പനംകോട് തീപ്പിടിത്തത്തില്‍ രണ്ടുപേര്‍ വെന്തുമരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു. മരിച്ചവരില്‍ ഒരാള്‍ തീപ്പിടിത്തമുണ്ടായ സ്ഥാപനത്തിലെ ജീവനക്കാരിയാണെന്ന് സ്ഥിരീകരിച്ചെങ്കിലും രണ്ടാമത്തെയാളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. മരിച്ച രണ്ടാമത്തെയാള്‍ പുരുഷനാണെന്നാണ് നിലവിലെ സൂചന. ഇത് ആരാണെന്ന് കണ്ടെത്താന്‍ പോലീസിന്റെ അന്വേഷണം തുടരുകയാണ്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് പാപ്പനംകോട്ടെ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുടെ ഏജന്‍സി ഓഫീസില്‍ തീപ്പിടിത്തമുണ്ടായത്. വന്‍ പൊട്ടിത്തെറി കേട്ടെന്നും പിന്നാലെ സ്ഥാപനത്തില്‍നിന്ന് തീയും പുകയും ഉയരുന്നത് കണ്ടെന്നുമായിരുന്നു സമീപവാസികളുടെ മൊഴി. തുടര്‍ന്ന് തീയണച്ചതോടെയാണ് കത്തിനശിച്ച സ്ഥാപനത്തിനുള്ളില്‍ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

മരിച്ചവരില്‍ ഒരാള്‍ സ്ഥാപനത്തിലെ ജീവനക്കാരിയായ തോന്നയ്ക്കല്‍ ലെയ്‌നിലെ താമസക്കാരി വൈഷ്ണ(35)യാണെന്ന് പ്രാഥമികഘട്ടത്തില്‍ തന്നെ കണ്ടെത്തി. എന്നാല്‍, രണ്ടാമത്തെയാളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഇതിനായി സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് പോലീസ് പരിശോധന തുടരുകയാണ്. വൈഷ്ണയുടെ ഭര്‍ത്താവിനായും പോലീസ് തിരച്ചില്‍ നടത്തുന്നുണ്ട്.

വന്‍ തീപ്പിടിത്തം, പൊട്ടിത്തെറി

വന്‍ തീപ്പിടിത്തമാണ് പാപ്പനംകോട്ടെ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഏജന്‍സി ഓഫീസിലുണ്ടായത്. സ്ഥാപനത്തില്‍നിന്ന് വലിയ ശബ്ദത്തില്‍ പൊട്ടിത്തെറിയുണ്ടായെന്നാണ് സമീപത്തെ സ്ഥാപനങ്ങളിലുള്ളവര്‍ പറയുന്നത്. തീയണച്ചതോടെയാണ് ഓഫീസിലെ കാബിന് പുറത്ത് വൈഷ്ണയുടെ മൃതദേഹം കണ്ടത്. രണ്ടാമത്തെയാളുടെ മൃതദേഹം ഓഫീസിന് അകത്തായിരുന്നുവെന്നും സമീപവാസികള്‍ പറഞ്ഞു.

എ.സി. പൊട്ടിത്തെറിച്ചാണോ തീപ്പിടിത്തമുണ്ടായതെന്ന് അഗ്നിരക്ഷാ ഉദ്യോഗസ്ഥരടക്കം സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, തീപ്പിടത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.

തലശ്ശേരി സ്വദേശിയെന്ന് വിവരം, വേര്‍പിരിഞ്ഞ് താമസം

തീപ്പിടിത്തത്തില്‍ മരിച്ച വൈഷ്ണ വര്‍ഷങ്ങളായി പാപ്പനംകോട്ടെ ഇന്‍ഷുറന്‍സ് ഏജന്‍സി ഓഫീസിലാണ് ജോലിചെയ്യുന്നത്. കഴിഞ്ഞ ആറുമാസമായി ഇവര്‍ തോന്നയ്ക്കല്‍ ലെയിനിലെ വാടകവീട്ടിലാണ് താമസം. രണ്ട് കുട്ടികളും അമ്മയും സഹോദരനും ഇവര്‍ക്കൊപ്പമുണ്ട്. നേരത്തെ പാപ്പനംകോട് മേഖലയിലെ വിവിധയിടങ്ങളിലാണ് ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. വൈഷ്ണയും കുടുംബവും തലശ്ശേരി സ്വദേശികളാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവര്‍ തിരുവനന്തപുരത്ത് എത്തിയതാണ്. തുടര്‍ന്ന് മൊട്ടമൂട് സ്വദേശിയുമായി വൈഷ്ണയുടെ വിവാഹം കഴിഞ്ഞു. എന്നാല്‍, കഴിഞ്ഞ ആറുവര്‍ഷമായി ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയാണെന്നും ബന്ധുക്കളില്‍നിന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇരുവരും തമ്മില്‍ ഇടയ്ക്കിടെ തര്‍ക്കങ്ങളുണ്ടായിരുന്നതായും ബന്ധുക്കള്‍ പറയുന്നു.