പ്രതീകാത്മക ചിത്രം

കൊല്‍ക്കത്ത : കൊല്‍ക്കത്തയിലെ ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടര്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട സംഭവത്തിന്റെ നടുക്കം മാറുംമുന്‍പേ ബംഗാളിലെ ആശുപത്രിയിൽ വീണ്ടും ലൈംഗികാതിക്രമം. രാത്രി ഡ്യൂട്ടിക്കിടെ വനിതാ നഴ്‌സിനെ രോഗി ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. ബിര്‍ഭുമിലുള്ള ഇലംബസാറിലെ ആശുപത്രിയിലാണ് നഴ്‌സിനുനേരെ രോഗികളില്‍ ഒരാള്‍ അതിക്രമം കാട്ടിയത്.

രോഗിയെ പരിചരിക്കുന്നതിനിടെ നഴ്‌സിനെ ലൈംഗികോദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്നാണ് ആരോപണം. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗിയ്‌ക്കെതിരേയാണ് നഴ്‌സ് പരാതി നല്‍കിയിരിക്കുന്നത്. സംഭവം നടക്കുമ്പോള്‍ രോഗിയുടെ ബന്ധുക്കളും സമീപത്തുണ്ടായിരുന്നെന്നും പരാതിയിൽ പറയുന്നു.

ഡോക്ടറുടെ നിര്‍ദേശപ്രകാരം പരിചരിക്കുന്നതിനിടെ രോഗി തന്റെ ശരീരത്തിന്റെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയായിരുന്നെന്നാണ് നഴ്‌സിന്റെ പരാതിയില്‍ പറയുന്നത്. കൂടാതെ തന്നോട് മോശമായ ഭാഷയില്‍ സംസാരിച്ചെന്നും നഴ്‌സ് പറയുന്നു. ആശുപത്രിയില്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്തതാണ് ഇത്തരത്തിലുള്ള പെരുമാറ്റമുണ്ടാകാന്‍ ഇടയാക്കിയതെന്നും നഴ്‌സ് ആരോപിക്കുന്നു.

സംഭവത്തിനു പിന്നാലെ ആശുപത്രി അധികൃതര്‍ പോലീസില്‍ പരാതിപ്പെട്ടു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയും അതിക്രമം നടത്തിയ രോഗിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഓഗസ്റ്റ് ഒന്‍പതിന് കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടര്‍ ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം രാജ്യത്തെ ഞെട്ടിച്ചിരുന്നു. ആശുപത്രികളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഈ സംഭവം ഇടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് നഴ്‌സിനു നേരെയുള്ള ലൈംഗികാതിക്രമത്തിന്റെ വാര്‍ത്തയും പുറത്തുവരുന്നത്.