Photo: x.com/

വിരാട് കോലി, സ്റ്റീവ് സ്മിത്ത്, ജോ റൂട്ട്, കെയ്ന്‍ വില്യംസണ്‍, കഴിഞ്ഞ പതിറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനരായ ബാറ്റര്‍മാരുടെ നിര. ഈ നാല് അസാമാന്യ ക്രിക്കറ്റ് താരങ്ങളുടെ ഉദയം അടയാളപ്പെടുത്തിയ വര്‍ഷമായിരുന്നു 2014. ലോക ക്രിക്കറ്റിലെ വിവിധ ഫോര്‍മാറ്റുകളില്‍, വിവിധ വേദികളിലായി ഈ നാലുപേര്‍ തങ്ങളുടെ ടീമുകള്‍ക്കായി കാഴ്ചവെച്ച പ്രകടനങ്ങള്‍ പകരംവെയ്ക്കാനാകാത്തതായിരുന്നു. സ്ഥിരത, സമ്മര്‍ദ ഘട്ടങ്ങളിലും മികച്ച പ്രകടനം നടത്താനുള്ള മികവ് എന്നിവയെല്ലാം കൊണ്ട് ഈ നാലുപേരും ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച ബാറ്റര്‍മാരുടെ പട്ടികയിലേക്ക് ഉയരുകയും ചെയ്തു. പില്‍ക്കാലത്ത് ഈ നാലുപേരടങ്ങിയ സംഘത്തെ ക്രിക്കറ്റ് ലോകം വിശേഷിപ്പിച്ചത് ഫാബ് ഫോര്‍ () എന്നായിരുന്നു. അന്തരിച്ച മുന്‍ ന്യൂസീലന്‍ഡ് ക്രിക്കറ്റ് ഇതിഹാസം മാര്‍ട്ടിന്‍ ക്രോയാണ് 2014-ല്‍ അന്ന് ഈ നാല് യുവ ബാറ്റര്‍മാരുടെയും അസാധാരണമായ കഴിവുകള്‍ തിരിച്ചറിഞ്ഞ് ഇവരെ ആദ്യമായി ഫാബ് ഫോര്‍ എന്ന് വിശേഷിപ്പിച്ചത്.

ക്രിക്കറ്റ് സമൂഹത്തിലെ ആദരണീയനായ വ്യക്തിയായിരുന്ന മാര്‍ട്ടിന്‍ ക്രോയ്ക്ക് യുവതാരങ്ങളിലെ പ്രതിഭ മനസിലാക്കുന്നതില്‍ പ്രത്യേക മികവുണ്ടായിരുന്നു. കോലി, സ്മിത്ത്, റൂട്ട്, വില്യംസണ്‍ എന്നിവര്‍ കരിയറിന്റെ തുടക്കത്തില്‍ പുറത്തെടുത്ത പ്രകടനങ്ങള്‍ വിലയിരുത്തി 2014 ഓഗസ്റ്റ് 29-ന് ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോയില്‍ എഴുതിയ ലേഖനത്തിലാണ് ക്രോ ആദ്യമായി ഈ താരങ്ങളെ ഫാബ് ഫോര്‍ എന്ന് വിശേഷിപ്പിച്ചത്. വൈകാതെ തന്നെ ഈ കളിക്കാര്‍ അവരവരുടെ ദേശീയ ടീമുകളിലെ പ്രധാന താരങ്ങളായി ഉയരുകയും ചെയ്തു. പ്രശസ്ത ഇംഗ്ലീഷ് റോക്ക് ബാന്‍ഡായിരുന്ന ബീറ്റില്‍സിലെ ഫാബ് ഭോറുമായി താരതമ്യം ചെയ്താണ് ക്രോ ഇവര്‍ക്ക് ആ പേരു സമ്മാനിച്ചത്.

ബാറ്റിങ്ങിലെ ആക്രമണാത്മകവും നിര്‍ഭയവുമായ സമീപനം കൊണ്ട് വ്യത്യസ്തനായിരുന്നു ഇന്ത്യയുടെ വിരാട് കോലി. റണ്‍ചേസുകളില്‍ തന്റെ ഏറ്റവും മികച്ച നിലയിലേക്ക് ഉയര്‍ന്നിരുന്ന താരം. അസാധാരണമായ സാങ്കേതിക മികവുള്ള താരമെന്ന് പേരെടുത്തയാളായിരുന്നു ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്. സമ്മര്‍ദ ഘട്ടങ്ങളില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാനുള്ള മികവും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. പരമ്പരരാഗത ബാറ്റിങ് ശൈലിക്കുടമയായിരുന്ന ഇംഗ്ലണ്ടിന്റെ ജോ റൂട്ട് അതിനെ ആധുനിക സാങ്കേതികതയുമായി ചേര്‍ത്ത് എല്ലാ സാഹചര്യത്തിലും സ്ഥിരതയോടെ റണ്‍സ് കണ്ടെത്തുന്നതില്‍ മിടുക്കുള്ള താരമായിരുന്നു. ആങ്കറിങ് ഇന്നിങ്‌സുകള്‍ കളിക്കുന്നതില്‍ എക്കാലത്തും മികവ് പുലര്‍ത്തിയിരുന്നയാളായിരുന്നു ന്യൂസീലന്‍ഡിന്റെ കെയ്ന്‍ വില്യംസണ്‍. കോപ്പ് ബുക്ക് സ്റ്റൈല്‍ ബാറ്റിങ്ങിനുടയായിരുന്ന വില്യംസണ്‍ കളിക്കളത്തില്‍ കാഴ്ചവെച്ചിരുന്ന ശാന്ത സമീപനവും ശ്രദ്ധേയമായിരുന്നു.