കൊച്ചി : താരസംഘടന അമ്മയുടെ കൊച്ചിയിലുള്ള ഓഫീസിൽ പോലീസ് പരിശോധന. രണ്ട് തവണയാണ് പോലീസ് എത്തി പരിശോധന നടത്തിയത്. നടൻമാരായ ഇടവേള ബാബു, മുകേഷ് എന്നിവർക്കെതിരേയുള്ള ലൈംഗിക പീഡന പരാതിയിന്മേൽ തെളിവ് ശേഖരണത്തിനായാണ് പ്രത്യേക അന്വേഷണസംഘം അമ്മ ഓഫീസിലെത്തി പരിശോധന നടത്തിയത്.
സംഘടനയിലെ അംഗത്വവുമായി ബന്ധപ്പെട്ടും ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുമുള്ള രേഖകളിൽ വ്യക്തതവരുത്താനാണ് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയത്. കൂടാതെ ഇവർ സംഘടനാ ഭാരവാഹികൾ ആയിരുന്നെന്ന് തെളിയിക്കുന്നതിനുള്ള രേഖകൾ കണ്ടെത്തുന്നതിനായാണ് പരിശോധന. ഇത് രണ്ടാംതവണയാണ് അന്വേഷണസംഘം അമ്മ ഓഫീസിൽ പരിശോധന നടത്തുന്നത്. നടൻ ഇടവേള ബാബുവിനെതിരായ കേസ് അന്വേഷിക്കുന്ന സംഘമാണ് പരിശോധനക്കായി എത്തിയത്.
ഇടവേള ബാബുവിനെതിരേ ആലുവ സ്വദേശിയായ നടി ലൈംഗിക പീഡനപരാതി ഉന്നയിച്ചിരുന്നു. അമ്മയിൽ അംഗത്വം വാഗ്ദാനം ചെയ്താണ് ലെെംഗിക അതിക്രമം നടത്തിയതെന്നായിരുന്നു നടിയുടെ ആരോപണം. ഇത് സംബന്ധിച്ച് എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ പരാതിയുണ്ട്. ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസ്. നടിയുടെ മൊഴിയെ പിന്തുണക്കുന്നതിനുള്ള തെളിവുകൾ ശേഖരിക്കുന്നതിനായാണ് പരിശോധന.
