പ്രതീകാത്മക ചിത്രം

കാഞ്ഞങ്ങാട്: രണ്ടരക്കോടിയോളം രൂപ വില നിശ്ചയിച്ച് കച്ചവടമുറപ്പിച്ച ഭൂമി വെറും 40.70 ലക്ഷം രൂപ മാത്രം നൽകി തട്ടിയെടുത്തു. തൃക്കരിപ്പൂർ ഇളമ്പച്ചിയിലെ വൃദ്ധദമ്പതിമാരായ പുരുഷോത്തമൻ തിരുമുമ്പിനെയും ഭാര്യ സാവിത്രി അന്തർജനത്തെയുമാണ് പറ്റിച്ചത്.

ഇളമ്പച്ചി സ്വദേശികളായ ഡി.സ്മികേഷ്, തോട്ടോൻകണക്കീൽ കമലാക്ഷൻ, കുമാരൻ, രവീന്ദ്രൻ, ഗംഗാധരൻ, നവീൻകുമാർ, എം.ഹരിപ്രസാദ് എന്നിവരുടെ പേരിലാണ് സ്ഥലം വാങ്ങിയത്. പി.കെ.ബിജുവാണ് ഇടനിലക്കാരൻ. തിരുമുമ്പിന്റെയും ഭാര്യയുടെയും പരാതിയിൽ‌ ഹൊസ്ദുർഗ് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി ഇവർക്കെതിരേ കേസെടുത്തു.

രജിസ്ട്രേഷൻ കഴിയുമ്പോൾ മുഴുവൻ പണവും തരാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. രജിസ്ട്രാർ ഓഫീസിൽ നിന്ന് പുറത്തിറങ്ങിയപ്പോഴേക്കും പണവുമായി കാറിൽവന്നവർ മുങ്ങി. 1.03 ഏക്കർ സ്ഥലത്തിന് 2,47,20,000 രൂപ നൽകാനായിരുന്നു ധാരണ. ഇതിന്റെ അഞ്ചിലൊന്ന് തുകയാണ് ആധാരത്തിൽ കാണിച്ചത്. ബാക്കി നൽകാനുള്ള രണ്ടുകോടി രൂപയാണ് കാറിൽ കൊണ്ടുവന്ന് കാണിക്കുക മാത്രം ചെയ്ത് കബളിപ്പിച്ചത്.

ചെറുകുന്ന് താവത്തെ എൻ.പുരുഷോത്തമൻ എന്നയാൾ നൽകിയ പരാതിയിൽ ഈ സ്ഥലം വിൽക്കരുതെന്ന് ഹൊസ്ദുർഗ് മുൻസിഫ് കോടതി താത്കാലിക ഉത്തരവിട്ടിരുന്നു.