Photo: ANI

പാരീസ് : പാരാലിമ്പിക്‌സില്‍ രണ്ടാം ദിനം കൂടുതല്‍ മെഡല്‍ നേട്ടവുമായി ഇന്ത്യ. പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ എസ്എച്ച് 1 വിഭാഗത്തില്‍ മനീഷ് നര്‍വാള്‍ ഇന്ത്യയ്ക്കായി വെള്ളി നേടി. പാരീസ് പാരാലിമ്പിക്‌സില്‍ ഇന്ത്യ നേടുന്ന നാലാം മെഡലാണിത്.

ഫൈനലില്‍ 234.9 പോയന്റോടെയാണ് മനീഷിന്റെ മെഡല്‍ നേട്ടം. ഈയിനത്തില്‍ ദക്ഷിണ കൊറിയയുടെ ജിയോങ്ഡു ജോ (237.4) സ്വര്‍ണവും ചൈനയുടെ ചാവോ യാങ് (214.3) വെങ്കലവും നേടി. 22-കാരനായ മനീഷ് ടോക്ടോ പാരാലിമ്പിക്‌സില്‍ 50 മീറ്റര്‍ പിസ്റ്റള്‍ മിക്‌സഡ് വിഭാഗത്തില്‍ സ്വര്‍ണം നേടിയ താരമാണ്. വെള്ളിയാഴ്ച ഷൂട്ടിങ്ങില്‍ ഇന്ത്യ നേടുന്ന മൂന്നാം മെഡലായിരുന്നു ഇത്. നേരത്തേ വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ സ്റ്റാന്‍ഡിങ് എസ്എച്ച് 1 ഇനത്തില്‍ അവനി ലേഖ്റ സ്വര്‍ണവും മോന അഗര്‍വാള്‍ വെങ്കലവും നേടിയിരുന്നു.

അതേസമയം, വനിതകളുടെ 100 മീറ്ററില്‍ (ടി35) പ്രീതി പാല്‍ വെങ്കലം സ്വന്തമാക്കി. കരിയറിലെ ഏറ്റവും മികച്ച സമയം കുറിച്ചാണ് പാരീസില്‍ പ്രീതി പാല്‍ വെങ്കലം നേടിയത്. 14.31 സെക്കന്‍ഡിലാണ് പ്രീതി മത്സരം പൂര്‍ത്തിയാക്കിയത്. പാരാലിമ്പിക്‌സില്‍ ട്രാക്ക് ഇനങ്ങളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത്‌ലറ്റാണ് പ്രീതി.