ഡിക്‌സൺ സെബാസ്റ്റ്യൻ
ദുബായ് : അബുദാബിയില്‍നിന്ന് കാണാതായ മലയാളി യുവാവിനെ ദുബായിലെ പാലത്തില്‍നിന്ന് ചാടി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കരുംകുളം പുതിയതുറ സ്വദേശി അഴങ്കല്‍ പുരയിടത്തില്‍ ഡിക്‌സണ്‍ സെബാസ്റ്റ്യന്‍ (26) ആണ് മരിച്ചത്.
മെയ് 15 മുതല്‍ കാണാതായ ഡിക്സനെ പോലീസും ബന്ധുക്കളും അന്വേഷിച്ചുവരികയായിരുന്നു. അബുദാബിയിലെ ഒരു ഇലക്ട്രോണിക്സ് കടയില്‍ വാച്ച് മേക്കറായി ജോലി ചെയ്യുകയായിരുന്നു ഡിക്സണ്‍. ദുബായ് ശൈഖ് സായിദ് റോഡില്‍ സാബില്‍ റോഡിനടുത്തെ പാലത്തില്‍നിന്നും ചാടി മരിച്ചതായാണ് സംശയിക്കുന്നതെന്ന് ദുബായ് പോലീസ് പറഞ്ഞതായി സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അറിയിച്ചു.
ദുബായ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ക്കുശേഷം നാട്ടിലേക്ക് കൊണ്ടുപോകും. മത്സ്യത്തൊഴിലാളിയായ സെബാസ്റ്റ്യന്റെയും ജെനോബിയുടെയും മകനാണ്. റോബിന്‍ സെബാസ്റ്റ്യന്‍, സ്റ്റെഫിന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ സഹോദരങ്ങളാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
