Photo: x.com/ABsay_ek
മെല്‍ബണ്‍ : ക്രിക്കറ്റ് മതിയാക്കി ഓസ്‌ട്രേലിയന്‍ യുവതാരം വില്‍ പുകോവ്‌സ്‌കി. കളിക്കിടെ തുടര്‍ച്ചയായി തലയ്‌ക്കേറ്റ ക്ഷതങ്ങളെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ ഉപദേശപ്രകാരമാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിവുള്ള യുവതാരമെന്ന വിശേഷണത്തോടെ ദേശീയ ടീമിലെത്തിയ താരത്തിന് പക്ഷേ ഒരു ടെസ്റ്റ് മത്സരം മാത്രമാണ് സീനിയര്‍ ടീമില്‍ കളിക്കാനായത്.
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്റെ ഭാവി എന്ന് മുന്‍താരങ്ങളടക്കം വിശേഷിപ്പിച്ച താരമായിരുന്നു പുകോവ്‌സ്‌കി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തകര്‍ത്തു കളിച്ച താരത്തിന് ഒടുവില്‍ 26-ാം വയസില്‍ കരിയര്‍ അവസാനിപ്പിക്കേണ്ടിവന്നു. 2021-ല്‍ സിഡ്‌നിയില്‍ ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ മാത്രമാണ് താരം ദേശീയ ജേഴ്‌സിയണിഞ്ഞത്.
2024 മാര്‍ച്ചില്‍ ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരത്തിനിടെ ഫാസ്റ്റ് ബൗളര്‍ റൈലി മെറെഡിത്തിന്റെ പന്ത് ഹെല്‍മറ്റിലിടിച്ചാണ് പുകോവ്‌സ്‌കിക്ക് അടുത്തിടെ തലച്ചോറിന് ക്ഷതമേല്‍ക്കുന്നത്. ഇതോടെ ലെസ്റ്റര്‍ഷെയറുമായുള്ള കരാര്‍ തന്നെ താരത്തിന് ഉപേക്ഷിക്കേണ്ടതായി വന്നു. കരിയറില്‍ വിക്ടോറിയക്ക് വേണ്ടി 36 ഫസ്റ്റ്ക്ലാസ് മത്സരങ്ങള്‍ കളിച്ച താരം ഏഴ് സെഞ്ചുറികള്‍ ഉള്‍പ്പെടെ 45.19 ശരാശരിയില്‍ 2,350 റണ്‍സ് നേടിയിട്ടുണ്ട്. 2017-ലായിരുന്നു ഫസ്റ്റ്ക്ലാസ് അരങ്ങേറ്റം, പിന്നാലെ രണ്ട് ഇരട്ട സെഞ്ചുറികള്‍ ഉള്‍പ്പെടെ മികച്ച പ്രകടനങ്ങളോടെ താരം സീനിയര്‍ ടീമിലെത്താന്‍ കഴിവുള്ള താരമെന്ന പേര് സമ്പാദിച്ചു.
