ബെംഗളൂരൂ വിമാനത്താവളത്തിൽ കൊലപാതകം നടന്ന സ്ഥലം(ഇടത്ത്) പ്രതി രമേഷ്(വലത്ത്) | Screengrab Courtesy: x.com/PTI_News & x.com/karnatakaportf

ബെംഗളൂരു: കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരെയും ജീവനക്കാരെയും നടുക്കി അരുംകൊല. വിമാനത്താവള ജീവനക്കാരനായ തുമക്കുരു മധുഗിരി സ്വദേശിയായ രാമകൃഷ്ണ(48)യെയാണ് നാട്ടുകാരനായ രമേഷ് വിമാനത്താവളത്തില്‍വെച്ച് കൊലപ്പെടുത്തിയത്. ബുധനാഴ്ച വൈകീട്ട് ആറരയോടെ ഒന്നാം ടെര്‍മിനലിന് സമീപത്തായിരുന്നു സംഭവം.

കൊല്ലപ്പെട്ട രാമകൃഷ്ണ വിമാനത്താവളത്തിലെ ട്രോളി ഓപ്പറേറ്ററാണ്. രാമകൃഷ്ണയും പ്രതിയായ രമേഷിന്റെ ഭാര്യയും തമ്മില്‍ അടുപ്പമുണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്. ഇതിന്റെ പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു.

രാമകൃഷ്ണയുമായുള്ള ബന്ധത്തെത്തുടര്‍ന്ന് 2022-ല്‍ രമേഷും ഭാര്യയും വേര്‍പിരിഞ്ഞിരുന്നു. തുടര്‍ന്ന് രമേഷ് രാമകൃഷ്ണയെ കൊല്ലാനായി പലതവണ ശ്രമം നടത്തി. ഇതിനൊടുവിലാണ് കഴിഞ്ഞദിവസം വിമാനത്താവളത്തില്‍വെച്ച് പ്രതി ആക്രമണം നടത്തിയത്.

ബാഗില്‍ കത്തിയുമായാണ് പ്രതി വിമാനത്താവളത്തില്‍ എത്തിയതെന്ന് പോലീസ് പറഞ്ഞു. ബസില്‍ വിമാനത്താവളത്തില്‍ എത്തിയശേഷം ട്രോളി ഓപ്പറേറ്ററായ രാമകൃഷ്ണ പുറത്തേക്ക് വരാനായി പ്രതി കാത്തിരുന്നു. തുടര്‍ന്ന് രാമകൃഷ്ണ ടെര്‍മിനലില്‍നിന്ന് പുറത്തേക്ക് വന്നയുടന്‍ കത്തിയുമായെത്തി പ്രതി ഇയാളുടെ കഴുത്തറക്കുകയായിരുന്നു. അപ്രതീക്ഷിതമായ ആക്രമണത്തില്‍ വിമാനത്താവളത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും പകച്ചുപോയി. പ്രതിയായ രമേഷിനെ ഉടന്‍തന്നെ പോലീസ് അറസ്റ്റ് ചെയ്തു.